കെ.എം.എം.എൽ. കോവിഡ് ആശുപത്രി ഉടൻ ആരംഭിക്കും….

കരുനാഗപ്പള്ളി: ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ കെ.എം.എം.എൽ. കമ്പനിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന താത്കാലിക കോവിഡ് ആശുപത്രിയുടെ
പ്രവർത്തനം രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

കെ.എം.എം.എല്‍-ല്‍ കഴിഞ്ഞവര്‍ഷം പുതിയതായി നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്‍റില്‍നിന്നും പൈപ്പ് ലൈൻ വഴി സ്കൂളിലേക്ക് നേരിട്ട് ഓക്സിജന്‍ വിതരണം നടത്തും. പൈപ്പിടുന്ന ജോലികൾ ദ്രുതഗതിയിൽ നടന്നുവരുകയാണ്. സിഡ്‌കോ, കയർ ഫെഡ് എന്നിവിടങ്ങളിൽനിന്ന് ആവശ്യത്തിനുള്ള കിടക്കകളും മറ്റും എത്തിക്കഴിഞ്ഞു.

ആദ്യപടിയായി 100- കിടക്കകളുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രി തയ്യാറാകുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചവറ ഗവ. കോളേജില്‍ 500 കിടക്കകള്‍ കൂടി സജ്ജീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി ചേർന്നുള്ള ഈ സംരംഭത്തിന് അൻപതുലക്ഷം രൂപയാണ് താത്കാലിക ആശുപത്രിക്കായി മാറ്റിവെച്ചിട്ടുള്ളത്.

ആശുപത്രിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നിയുക്ത എം.എൽ.എ. ഡോ. സുജിത് വിജയൻപിള്ള ആശുപത്രി സന്ദർശിച്ചു. കെ.എം.എം.എൽ. ഡെപ്യൂട്ടി മാനേജർ ജോണി, ഡോ. വിപിൻ, ലെയ്‌സൺ ഓഫീസർ മോഹനൻ, പി.ആർ.ഒ. ഷഹീർ, സിയാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !