ചേലക്കോട്ടുകുളങ്ങര – വലിയതറ കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി – കുന്നത്തൂര്‍ മണ്ഡലങ്ങൾ തമ്മിലുള്ള യാത്ര സുഗമമാക്കുന്നതുമായ
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിനെയും, തൊടിയൂര്‍ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ ചേലക്കോട്ടുകുളങ്ങര വലിയതറ കടവ് പാലം ഏറെനാളത്തെ കാത്തിരിപ്പിനുശേഷം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഏകദേശം 15 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നത്. പാലത്തിനും അപ്രോച്ച് റോഡിനും സ്ഥലം ഏറ്റെടുപ്പിനും ആയാണ് ഇത്രയും തുക ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഏറെനാളത്തെ പ്രദേശവാസികളുടെ ആവശ്യമാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്.
ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ അടിയന്തര മീറ്റിംഗില്‍ സി.ആര്‍.മഹേഷ് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കുന്നത്തൂര്‍ എം.എല്‍.എ. കോവൂര്‍ കുഞ്ഞുമോന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.എസ്.കെ, വൈസ് പ്രസിഡന്റ് പി.സി. രാജി, ബ്ലോക്ക് മെമ്പര്‍ റ്റി.രാജീവ്, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകല.കെ, വാര്‍ഡ് മെമ്പര്‍ ഇന്ദ്രന്‍, എല്‍.ആര്‍. തഹസില്‍ദാര്‍ സുശീല.ആര്‍, ബ്രിഡ്ജസ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദീപ ഓമനക്കുട്ടന്‍, എ.ഇ പ്രബിഷ.പി.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് എല്ലാവരെയും കൂട്ടിയിണക്കി മാത്രമേ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കൂ എന്ന് എം.എല്‍.എമാര്‍ പറഞ്ഞു. സംയുക്തമായി സ്ഥലം സന്ദര്‍ശിച്ച് വേണ്ട ഭേദഗതികള്‍ വരുത്തുന്നതിന് എം.എല്‍.എ. മാരേയും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും ചുമതലപ്പെടുത്തുകയും ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !