മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം….

കരുനാഗപ്പള്ളി : ചെറിയഴീക്കലിൽ അനുവദിച്ച ഫിഷിംഗ് ലാൻ്റ് നിലനിർത്തണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യ ബന്ധനത്തിന് പോകാതെ കടൽത്തീരത്ത് കട്ടമരങ്ങൾ നിരത്തിയായിരുന്നു ചെറിയഴീക്കൽ അരയവംശ പരിപാലന യോഗത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ചെറിയഴിക്കൽ 10 -ാം വാർഡിൽ കട്ടമരത്തിൽ മത്സ്യബന്ധനം നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന മത്സ്യതൊഴിലാളികൾ വർഷങ്ങളായി ചെറിയഴിക്കൽ ഫിഷിംഗ് ഗ്യാപ്പിലാണ് ജോലി ചെയ്ത് വരുന്നത്. ഇവർക്ക് ലഭിക്കുന്ന മത്സ്യത്തിന് നിശ്ചിത വില ലഭിക്കുന്നതിനും സുരക്ഷിതമായി മത്സ്യബന്ധനം നടത്തുന്നതിനും മത്സ്യം വാങ്ങാൻ എത്തുന്ന ചെറുകിട കച്ചവടകാർക്ക് സുരക്ഷിതമായി പാർക്ക് ചെയ്യുവാനും സംസ്കരിക്കുവാനും സാഹചര്യം ഒരുക്കുന്ന ഒരു മിനി ഫിഷ് ലാന്റിംഗ് സെന്റർ ഈ സ്ഥലത്ത് സ്ഥാപിക്കണമെന്നുളള ആവശ്യം വർഷങ്ങളോളം പഴക്കമുള്ളതാണ്.

ഒരു മിനി ഫിഷ് ലാന്റിംഗ് സെന്റർ എന്ന സ്ഥാപിക്കണമെന്നുളള ശക്തമായ ആവശ്യത്തെ തുടർന്നാണ് 1995-96 കാലഘട്ടത്തിൽ മത്സ്യഫെഡിന്റെ നേതൃത്വത്തിൽ ചെറിയഴീക്കൽ മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിൽ ഒരു മത്സ്യ വിപണനകേന്ദ്രം സ്ഥാപിച്ചത്. ഈ കാലഘട്ടത്തിൽ അവിടെ ലഭിക്കുന്ന മത്സ്യം ന്യായമായ വിലയ്ക്ക് മത്സ്യ ഫെഡ് നേരിട്ട് എടുക്കുന്ന സംരഭത്തിന് തുടക്കം കുറിച്ചിരുന്നു . ഇപ്പോൾ മിനി ഫിഷ് ലാന്റിംഗ് സെന്റർ മറ്റൊരു പ്രദേശത്തേക്ക്‌ മാറ്റി സ്ഥാപിക്കുവാനുള്ള ശ്രമത്തിനെതിരെയാണ് അരയവംശപരിപാലന യോഗത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

അരയവംശ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ, ചെറിയഴീക്കൽ നിവാസികൾ ഒറ്റകെട്ടായി ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്ന് കരയോഗം ഭാരവാഹികൾ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !