കരുനാഗപ്പള്ളി : ഹൈടെക് ക്ലാസ്സ്‌റൂമിൽ സൗജന്യ PSC പരിശീലനവും നിർധരരായ രോഗികൾക്കും വൃദ്ധ ജനങ്ങൾക്കും പെൻഷൻ പദ്ധതിയുമായി മാതൃകയാകുവാണ് OPE-C ചെറിയഴീക്കൽ എന്ന സംഘടന.
2008 മേയ് മാസത്തിൽ ചെറിയഴീക്കൽ ആസ്ഥാനമായാണ് ഓർഗനൈസേഷൻ ഓഫ് പെൻഷനേഴ്സ് ആന്റ് എംപ്ലോയിസ് ചെറിയഴീക്കൽ OPE-C പിറവി കൊണ്ടത്. 2009 ൽ ആരംഭിച്ച സൗജന്യ PSC പരീക്ഷാ പരിശീലന ക്ലാസിലൂടെ നിരവധിപേർക്കാണ് ഇതിനകം കേന്ദ്ര സംസ്ഥാന വകുപ്പുകളിൽ ജോലി ലഭിച്ചു കഴിഞ്ഞത്.
നിർധനരായ രോഗികൾക്കും വൃദ്ധജനങ്ങൾക്കും -സഫലം സായാഹ്നം- എന്ന പെൻഷൻ പദ്ധതിയിലൂടെ 750 രൂപ എല്ലാ മാസവും കൊടുക്കുന്നതിലൂടെയും, -സാന്ത്വനസ്പർശം- എന്ന സഹായം മുഖേന അംഗ പരിമിതർക്കും മാനസികവെല്ലുവിളി അനുഭവപ്പെടുന്നവർക്കും 1000 രൂപ എല്ലാ മാസവും കൊടുക്കുന്നതിലൂടെയും ജനഹൃദയങ്ങളിലേക്ക് എത്തിച്ചേരാൻ ഈ സംഘടനയ്ക്ക് വളരെ പെട്ടെന്ന് കഴിഞ്ഞു. സഹായങ്ങൾ എല്ലാ മാസവും ഒന്നാം തീയതി രാവിലെ ഗുണ ഭോക്താക്കളുടെ വീട്ടിൽ ചെന്നു നല്കുകയാണ് പതിവ്.
വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി
വിദ്യാഭ്യാസ അവാർഡുകളും,
മാരകരോഗങ്ങളാൽ അവശത അനുഭവിക്കുന്നവർക്കായി നിരവധി സഹായങ്ങളും ഈ സംഘടന നിരന്തരം നൽകാറുണ്ട്. സംഘടനയുടെ പ്രവർത്തനങ്ങളെ മാനിച്ച് ചെറിയഴീക്കൽ അരയവംശ പരിപാലനയോഗം കെട്ടിടത്തിന്റെ മുകളിൽ ക്ലാസ്മുറി നിർമിക്കാൻ അനുവാദം ലഭിച്ചു. അവിടെ 1100 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച മനോഹരമായ കെട്ടിടത്തിലെ ഹൈ ടെക് ക്ലാസ്സ് റൂമിലാണ് ഇപ്പോൾ ക്ലാസ്സുകൾ നടക്കുന്നത്.