ക്ലാപ്പന ആനന്ദൻ അനുസ്മരണത്തിൻ്റെ ഭാഗമായി പണിതീർത്ത വീട് എ.എം. ആരിഫ് എം.പി. കൈമാറി….

കരുനാഗപ്പള്ളി : ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും സി.പി.ഐ. എം .ക്ലാപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, കയർ വർക്കേഴ്സ് സെൻ്റർ (സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡൻ്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച ക്ലാപ്പന ആനന്ദൻ്റെ ഇരുപതാം ചരമവാർഷികവും, രശ്മി ഹാപ്പി ഹോമിൻ്റെയും, ക്ലാപ്പന ആനന്ദൻ്റെ കുടുംബത്തിൻ്റെയും സാമുഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരും ഭവനരഹിതരുമായ കുടുംബത്തിന് വർഷത്തിലൊരു സ്നേഹവീട് എന്ന പദ്ധതിയിൽ പൂർത്തിയാക്കിയ ആദ്യ ഭവനത്തിൻ്റെ കൈമാറ്റവും നടന്നു. ചടങ്ങിൽ ക്ലാപ്പന 14-ാം വാർഡിലെ തണ്ടളത്ത് ജുമൈലത്തിന് എ.എം. ആരിഫ് എം.പി. വീട് കൈമാറി.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി നൽകുന്ന ടെലിവിഷനുകളുടെ വിതരണവും നടന്നു. ഈ വർഷത്തെ ഭവന പദ്ധതിയുടെ ഗുണഭോക്താവായി വരവിള സ്വദേശി രാധാകൃഷ്ണനെ സി.ആർ. മഹേഷ് എം.എൽ.എ. പ്രഖ്യാപിച്ചു.

ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ അധ്യക്ഷയായി.രവീന്ദ്രൻ രശ്മി സ്വാഗതം പറഞ്ഞു. സി.പി.ഐ. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ വസന്തൻ, ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വസന്താരമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, കെ രാജപ്പൻ, എസ്.എം. ഇക്ബാൽ, ടി.എൻ. വിജയകൃഷ്ണൻ, കുഞ്ഞിചന്തു, റംഷാദ്, ക്ലാപ്പന ആനന്ദൻ്റെ ഭാര്യ കെ. ലതിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ ക്ലാപ്പന ആനന്ദൻ്റെ സ്മൃതി കേന്ദ്രത്തിൽ പുഷ്പാർച്ചനയും നടന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !