തൊടിയൂർ സ്വദേശിയുടെ പേരിൽ അപൂർവ്വ മരത്തിന് ശാസ്ത്രീയനാമം….

കരുനാഗപ്പള്ളി : അപൂർവ ഇനത്തിൽ പെട്ട ഇലിപ്പ മരത്തിന് നട്ടു വളർത്തിയ ആളുടെ പേരിൽ തന്നെ മരത്തിൻ്റെ ശാസ്ത്രീയനാമവും. ഒരു മനുഷ്യൻ്റെ പേരിൽ മരത്തിന് പേര് ഉണ്ടാവുക എന്ന അപൂർവ അംഗീകാരം ലഭിച്ചിരിക്കുന്നത് തൊടിയൂർ, മുഴങ്ങോടി സ്വദേശിയായിരുന്ന പരേതനായ റിട്ട. അധ്യാപകൻ ബാലകൃഷ്ണപിള്ളയുടെ പേരിലാണ്.

പതിറ്റാണ്ടുകൾക്കുമുമ്പ് അദ്ദേഹം നട്ടുവളർത്തിയ വീട്ടുമുറ്റത്തെ ഇലിപ്പ മരം ഇപ്പോൾ ശാസ്ത്ര സംഘത്തിൻ്റെ അംഗീകാരം നേടിയെടുത്തിരിക്കുകയാണ്. ആറ്റിലിപ്പ വിഭാഗത്തിൽപ്പെട്ട നൂറ്റി ഒന്നാമത്തെ ജനുസ്സിൽപ്പെട്ട അപൂർവ മരമാണിതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തൊടിയൂർ, പതിനാറാം വാർഡിൽ മഠത്തിനാൽ തെക്കതിൽ ബാലകൃഷ്ണപിള്ളയുടെ മകൻ പ്രസന്നൻ്റെ വീട്ടിലാണ് മരം ഉള്ളത്. ശാസ്ത്ര ഗവേഷകരായ ഡോ. ഇ.സന്തോഷ് കുമാർ, ഡോ. ഷൈജകുമാരി, ഡോ. മുഹമ്മദ് ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ മരത്തിനെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഇത് അപൂർവ്വ ഇനത്തിൽപ്പെട്ടതാണെന്ന് കണ്ടെത്തിയത്.

അപൂർവ്വ മരത്തെ നട്ടുവളർത്തിയ ബാലകൃഷ്ണപിള്ളയുടെ പേരിൽതന്നെ മരത്തിന് പിന്നീട് പേരും നൽകുകയായിരുന്നു. അങ്ങനെ -മധുക്ക ബാലകൃഷ്ണാനി- എന്ന പേര് ഈ അപൂർവ ഇനത്തിന് ശാസ്ത്രനാമമായി നൽകുകയായിരുന്നു. മരത്തിൻ്റെ പൂവും പഴങ്ങളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. മത്സ്യങ്ങൾക്ക് തീറ്റയായും ഉപയോഗിക്കാം. ഇളം പച്ച നിറമാണ് പൂവിനും പഴത്തിനുമുള്ളത്. ഏറെ ഔഷധമൂല്യമുള്ളതും തീര സംരക്ഷണത്തിന് ഉത്തമവുമാണ് ഇലിപ്പ മരം.

ന്യൂസിലൻഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന -ഫെറ്റോ ടാക്സ്ക- എന്ന ജേർണലിൽ ഈ മരത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മധുക്ക ബാലകൃഷ്ണനിഎന്ന പേരും ജേർണലിൽ പറയുന്നുണ്ട്.

അങ്ങനെ മലയാളികൾക്ക് തന്നെ അഭിമാനമായി ഒരു മനുഷ്യൻ്റെ പേരിൽ അപൂർവയിനം മരത്തിൻ്റെ ശാസ്ത്രനാമം ഉണ്ടായിരിക്കുന്നു എന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ബാലകൃഷ്ണ പിള്ളയുടെ മകൻ പ്രസന്നകുമാർ, ഭാര്യ ഷീജ, മക്കളായ പാർവതി, കൃഷ്ണപ്രിയ എന്നിവർ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !