ഇ.എം.എസ്. ലൈബ്രറിക്കിത് ഇരട്ട മധുരം….

കരുനാഗപ്പള്ളി : ക്ലാപ്പന ഇ.എം.എസ്. ഗ്രന്ഥശാലയ്ക്ക് ഇരട്ടി സന്തോഷത്തിൻ്റെ ദിനമായിരുന്നു. ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ മിനിമോൾ ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേൽക്കുമ്പോൾ മിനിയുടെ ഭർത്താവും ഗ്രന്ഥശാലാ സെക്രട്ടറിയുമായ മോഹനൻ കൊല്ലം പ്രസ് ക്ലബ്ബിൽ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ത്രിവിക്രമൻ തമ്പി അവാർഡ് ഇ.എം.എസ്. ഗ്രന്ഥശാലയ്ക്കു വേണ്ടി ഏറ്റുവാങ്ങുകയായിരുന്നു.

ക്ലാപ്പനയുടെ സാംസ്കാരിക രംഗത്ത് ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥശാലയാണ് ഇ.എം.എസ്. സാംസ്കാരിക വേദി ഗ്രന്ഥശാല. അഫിലിയേറ്റ് ചെയ്ത് രണ്ടാം വർഷം തന്നെ -എ- ഗ്രേഡിലേക്ക് ഉയർന്ന ഗ്രന്ഥശാലയാണിത്. വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ ഒരു നാടിൻ്റെ വെളിച്ചമായി മാറിയ ഇ.എം.എസ് സാംസ്കാരിക വേദി ഗ്രന്ഥശാല ഓണാട്ടുകരപ്പെരുമ, ഓണാട്ടുകര പ്രതിഭാ പുരസ്കാരം, ബാലവേദി കുട്ടിക്ക് വീട് വച്ച് നൽകൽ, ഔഷധസസ്യ ഗാർഡൻ, ജൈവകാർഷിക പദ്ധതി തുടങ്ങി ഒട്ടേറെ വേറിട്ട പ്രവർത്തനങ്ങളും ഏറ്റെടുത്തു. ഈ പ്രവർത്തനങ്ങൾ മാനിച്ചാണ് ത്രിവിക്രമൻ ഫൗണ്ടേഷൻ പതിനായിരത്തി ഒന്നു രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയ അവാർഡ് ഗ്രന്ഥശാലയ്ക്ക് നൽകാൻ തീരുമാനിച്ചത്. എന്നാൽ അവാർഡ് ഏറ്റുവാങ്ങാൻ പോകാനിരുന്ന ലൈബ്രേറിയൻ അതേ ദിവസം പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേൽക്കേണ്ടി വന്നതും കൗതുകമായി. ക്ലാപ്പന വടക്ക്, കേദാരത്തിൽ അധ്യാപകനായ മോഹനനാണ് മിനിയുടെ ഭർത്താവ്.

ലൈബ്രറി സയസിൽ ബിരുദാനന്തര ബിരുദധാരിയായ മിനി ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവും ക്ലാപ്പന വെസ്റ്റ് വില്ലേജ് പ്രസിഡൻ്റുമാണ്. ആര്യ ഏക മകളാണ്. മിനിയെ കൂടാതെ ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകരും കമ്മിറ്റി അംഗങ്ങളുമായ റംഷാദും, രാജുവും എൽ ഡി എഫ് സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ചിരുന്നു. ഗ്രന്ഥശാലാ പ്രവർത്തന രംഗത്തെ അനുഭവം തങ്ങൾക്ക് കരുത്താകുമെന്ന് മൂവരും പറയുന്നു. അക്ഷരപ്പുരയുടെ കാവൽക്കാരായിരുന്ന ഇവർ ഇനി മുതൽ ക്ലാപ്പന പഞ്ചായത്തിനെ നയിക്കും.

ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റായി
തെരെഞ്ഞെടുക്കപ്പെട്ട മിനിമോളെ ഗ്രന്ഥശാലാ സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.പി. ജയപ്രകാശ് മേനോൻ, താലൂക്ക് സെക്രട്ടറി വി വിജയകുമാർ, ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ സെക്രട്ടറി ജി. സുനിൽ എന്നിവർ ചേർന്ന് പുസ്തകം നൽകി അനുമോദിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !