കരുനാഗപ്പള്ളിക്ക് മൾട്ടി വില്ലേജ് വാട്ടർ സപ്ലെ പ്രൊജക്ട് വരുന്നു…. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഉന്നതതല യോഗം ചേർന്നു….

കരുനാഗപ്പള്ളി : രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബസിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ആർ രാമചന്ദ്രൻ എം.എൽ.എ. യുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചു ചേർത്തത്. കരുനാഗപ്പള്ളിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സമഗ്ര ഗ്രാമീണ ജലവിതരണ പദ്ധതി നടപ്പാക്കും.

ആറു പഞ്ചായത്തുകൾക്കു വേണ്ടിയുള്ളതാണ് പദ്ധതി. തഴവ ,തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകൾക്കു വേണ്ടിയാണ് പദ്ധതി നടപ്പാക്കുക.ഇതു കൂടാതെ കുന്നത്തൂർ, ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പോരുവഴി പഞ്ചായത്തിൽ രണ്ടേക്കർ സ്ഥലം കണ്ടെത്തി ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിക്കും. നബാർഡിൻ്റെ സഹായത്തോടെ ഞാങ്കടവ് പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.

കരുനാഗപ്പള്ളിയിലേക്കു് നിലവിൽ കുടിവെള്ളമെത്തിക്കുന്ന മാവേലിക്കരയിലെ, കണ്ടിയൂർ കടവിൽ വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ കാലപ്പഴക്കത്താൽ പമ്പിംഗ് ശേഷി കുറഞ്ഞിരിക്കുന്നതിനാൽ നേരുത്തെ 15 എം.എൽ.ടി. ജലം പമ്പു ചെയ്തിരുന്ന സ്ഥാനത്ത് 10 എംഎൽടിയായി പമ്പ് ചെയ്യുന്ന ജലത്തിൻ്റെ അളവ് കുറഞ്ഞിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി 300 എച്ച് പി ശേഷിയുള്ള മോട്ടോർ പുതുതായി സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളായതായി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.തുറയിൽകടവിലും എസ് വി മാർക്കറ്റിലും നിർമ്മാണം പൂർത്തിയാക്കിയ ട്യൂബ് വെല്ലുകൾ പ്രവർത്തനക്ഷമമാക്കുന്നതു സംബന്ധിച്ച് ജനവരി 4 ന് വാട്ടർ അതോറിറ്റിയിലെയും ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റിലേയും ഉദ്യോഗസ്ഥർ സംയുക്ത പരിശോദന നടത്താനും യോഗം തീരുമാനിച്ചു.

നഗരസഭയിലെ കോഴിക്കോട് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മൂത്തേത്ത് കടവിൽ സ്ഥാപിച്ച ട്യൂബ് വെൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !