കരുനാഗപ്പള്ളി ക്ലാപ്പനയിലെ ഹരിത കർമ്മസേനയ്ക്ക് പരിശീലനം നൽകി…

കരുനാഗപ്പള്ളി : കൊട്ടാരക്കര കില ഇറ്റിസി ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കായി ശുചിത്വം, മാലിന്യ സംസ്ക്കരണം എന്ന വിഷയത്തിൽ പരിശീലനം നൽകി. ക്ലാസ് റൂം പരിശീലനത്തോടൊപ്പം പ്രായോഗിക അറിവുകൾ നൽകുന്നതിനുള്ള ഫീൽഡ് പരിശീലനത്തിന്റെ ഭാഗമായി പരിശീലനാർത്ഥികൾ പുനലൂർ നഗരസഭയുടെ പ്ലാച്ചേരിയിലുള്ള മാലിന്യ സംസ്ക്കരണ കേന്ദ്രം സന്ദർശിച്ചു.

വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ചില്ല് കുപ്പികൾ, മരുന്നു കുപ്പികൾ എന്നിവയുടെ തരംതിരിക്കലും കച്ചവടക്കാർക്ക് കൈമാറുന്ന രീതിയും സംഘം കണ്ടു മനസിലാക്കി. പ്ലാന്റിലുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ പ്രവർത്തനവും നേരിൽ കണ്ടു. ഹരിത കർമ്മസേനയുടെ വാർഡ്തല പ്രവർത്തനവും വിശദീകരിച്ചു. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് എന്ന നിലയിൽ പ്രവർത്തിക്കാനുള്ള പ്രായോഗിക പരിശീലനവും നൽകി.

കില ഇറ്റിസി പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ എ. ഫെയ്സി, ഇറ്റിസി ഫാക്കൽറ്റി അംഗം ഡോ ജുന എൽ പോൾ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സജീവ് സി, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയലക്ഷ്മിപിള്ള എന്നിവർ ക്ലാസെടുത്തു.
വാർഡുതലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിലെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ച് സംവാദവും ഗ്രൂപ്പുചർച്ചയും നടത്തി. പരിശീലനാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങൾ ക്രോഡീകരിച്ച് തുടർനടപടികൾക്കായി ക്ലാപ്പന പഞ്ചായത്ത് അധികൃതർക്ക് കൈമാറുമെന്ന് കില ഇറ്റിസി പ്രിൻസിപ്പൽ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !