കരുനാഗപ്പള്ളി : ചിറ്റുമൂല ഗ്രൗണ്ടിൽ കോടതി സമുച്ഛയം നിർമ്മിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താക്കി സ്ഥലം സന്ദർശിച്ചു.
സി.ആർ. മഹേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലത്തിന്റെ സാധ്യതകൾ വിശദീകരിച്ചു. തഴവ പഞ്ചായത്തിന്റെ കൈവശമായിരുന്ന ഒരേക്കറോളം വരുന്ന ചിറ്റുമൂല ഗ്രൗണ്ട് കോടതി സമുച്ഛയം നിർമിക്കുന്നതിനായി രണ്ടുവർഷം മുൻപുതന്നെ സർക്കാരിന് വിട്ടുകൊടുത്തിരുന്നു.
പുതിയകാവിന് സമീപം പുതിയകാവ്-ചക്കുവള്ളി റോഡിനോട് ചേർന്നാണ് ചിറ്റുമൂല ഗ്രൗണ്ട്. കരുനാഗപ്പള്ളിയിൽ കോടതി സമുച്ഛയം നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ട് വർഷങ്ങളായിരുന്നു. എന്നാൽ, ഇതുവരെയും അനുയോജ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാനായില്ല. ഐ.എച്ച്.ആർ.ഡി. പോളിടെക്‌നിക് കോളേജിന്റെ ഒരു ഭാഗം പ്രവർത്തിച്ചിരുന്ന പഴയ കെ.ഐ.പി. വക സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും ഇതുവരെയും നടപ്പായില്ല. സ്ഥലം വിട്ടുനൽകാൻ ഐ.എച്ച്.ആർ.ഡി. നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ പ്രവർത്തനമില്ലാതെ കിടക്കുന്ന കരുനാഗപ്പള്ളി നഗരസഭാ ബസ് സ്റ്റാൻഡ് കോടതി സമുച്ഛയത്തിനായി വിട്ടുനൽകണമെന്ന ആവശ്യവും ഉയർന്നു. മറ്റുചില സ്ഥലങ്ങളുടെ സാധ്യതകളും പരിഗണിച്ചു. എന്നാൽ, സ്ഥലം ഏറ്റെടുക്കൽ നടപടികൾ എങ്ങുമെത്തിയില്ല. ഇതിനിടയിൽ കോടതികൾ ചവറയിലേക്ക് മാറ്റപ്പെടുമെന്ന ആശങ്കയും ഉയർന്നു. ഈ സാഹചര്യത്തിലാണ് ചിറ്റുമൂല ഗ്രൗണ്ടിൽ തന്നെ കോടതി സമുച്ഛയം നിർമിക്കുന്നതിനുള്ള സാധ്യത വീണ്ടും പരിഗണിക്കുന്നത്.
തഴവ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ. അമ്പിളിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ്, തഹസിൽദാർ ഷിബു, പഞ്ചായത്ത് സെക്രട്ടറി മനോജ്, തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.