കോടതി സമുച്ചയം…. ജില്ലാ ജഡ്ജി സന്ദർശനം നടത്തി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ടൗണിൽ കോടതി സമുച്ഛയം നിർമിക്കുന്നതിനായി നഗരസഭ വിട്ടുനൽകുന്ന സ്ഥലം ബസ് ജില്ലാ ജഡ്ജി സന്ദർശിച്ചു. മുനിസിപ്പൽ ബസ്റ്റാൻ്റിനായി ഏറ്റെടുത്ത കരുനാഗപ്പള്ളി മാർക്കറ്റിനു സമീപത്തെ സ്ഥലമാണ് കോടതി സമുച്ചയത്തിനായി വിട്ടു നൽകുന്നത്.

ഈ സ്ഥലം കോടതി സമുച്ഛയം നിർമിക്കുന്നതിന് അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നതിനായാണ് ജില്ലാ ജഡ്ജി എം ബി സ്‌നേഹലത സ്ഥലം സന്ദർശിച്ചത്. ഇതു സംബന്ധിച്ച് ഉടൻ ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ഫെബ്രുവരി ഏഴിനുചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് നഗരസഭാ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലം കോടതി സമുച്ഛയം നിർമിക്കുന്നതിന് വിട്ടു നൽകാൻ തീരുമാനിച്ചത്.

സ്ഥലം കൈമാറുന്നതിനായുള്ള നഗരസഭാ തീരുമാനം സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ജഡ്ജിയ്ക്കും ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി എ മുഹമ്മദ് മുസ്താക്കിനും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതി ജഡ്ജിയുടെ നിർദേശപ്രകാരം ജില്ലാ ജഡ്ജി സ്ഥലം സന്ദർശിച്ചത്. സ്ഥലം വിട്ടുനൽകാനുള്ള നഗരസഭയുടെ തീരുമാനത്തിന് സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്ഥലം ഔദ്യോഗികമായി കൈമാറും.

പത്തുവർഷം മുൻപാണ് കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി നഗരസഭ സ്ഥലം വാങ്ങിയത്. ഇവിടെ ബസ് സ്റ്റാൻഡ് നിർമിച്ചെങ്കിലും പലവിധ കാരണങ്ങളാൽ പ്രവർത്തനം തുടങ്ങാനായിരുന്നില്ല. ഈ സ്ഥലം ഇപ്പോൾ ഒരുപയോഗവുമില്ലാതെ കിടക്കുകയാണ്. ഈ സാഹചര്യത്തിൽകൂടിയാണ് സ്ഥലം കോടതി സമുച്ഛയത്തിനായി വിട്ടുനൽകാൻ നഗരസഭ തീരുമാനിച്ചത്. ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നതോടെ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമിക്കാനാണ് ആലോചിക്കുന്നതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !