കരുനാഗപ്പള്ളി : കോടതി സമുച്ഛയം കരുനാഗപ്പള്ളിയിൽ നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻ ജഡ്ജ് കെ.വി. ജയകുമാർ സന്ദർശനം നടത്തി. ഐ.എച്ച്.ആ.ർ.ഡി. പോളിടെക്‌നിക്കിൻ്റെ ഒരു ഭാഗം പ്രവർത്തിക്കുന്ന നഗരസഭ 13-ാം ഡിവിഷനിലെ കെ.ഐ.പി. ജംഗ്ഷനിലുള്ള സർക്കാർ സ്ഥലമാണ് കോടതി സമുച്ഛയത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ ജഡ്ജിയുടെ ചേമ്പറിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ജില്ലാ ജഡ്ജി സ്ഥലം സന്ദർശിച്ചത്. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കുന്നതിനായി പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഭൂമി സംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കാൻ തഹസീൽദാർക്ക് നിർദേശം നൽകി. ദേശീയപാതയിൽ നിന്നും ഇവിടേയ്ക്ക് എത്തുന്നതിനുള്ള റോഡു സൗകര്യവും മറ്റും സംഘം പരിശോധിച്ചു.
മാളിയേക്കൽ ജംഗ്ഷനിലെ ഐ.എച്ച്.ആ.ർ.ഡി. യുടെ പ്രധാന കെട്ടിടങ്ങളും ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകണമെന്നാണ് ഐ.എച്ച്.ആ.ർ.ഡി. യുടെ നിലപാട്. ന്യായമായ നഷ്ടപരിഹാരം നൽകാമെന്ന് നഗരസഭാധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി 14-ന് ജില്ലാ ജഡ്ജിയുടെ ചേമ്പറിൽ വീണ്ടും യോഗം ചേരും. അഡീഷണൽ ചീഫ് സെക്രട്ടറി, ഐ.എച്ച്.ആ.ർ.ഡി. ഡയറക്ടർ, എം.എൽ.എ, നഗരസഭ ചെയർമാൻ, ജില്ലാ കളക്ടർ, ബാർ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന രണ്ട് കോടതികൾ ഒഴിയേണ്ടിവരും. അതിന് മുൻപായി കോടതി പുതിയ സ്ഥലത്തേയ്ക്ക് മാറ്റേണ്ടതുണ്ട്. സബ് കോടതി ഉൾപ്പടെയുള്ളവ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്ഥലം ഇല്ലാത്തതിനാൽ കരുനാഗപ്പള്ളിയ്ക്ക് അനുവദിച്ച എം.എസി.ടി കോടതി തുടങ്ങാനുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നതിനായി മുൻ എം.എൽ.എ. ആർ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടികൾ.
സി.ആർ. മഹേഷ് എം.എൽ.എ., നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പടിപ്പുര ലത്തീഫ്, എം. ശോഭന, കൗൺസിലർമാരായ നീലു എസ്. രവി, റെജി ഫോട്ടോപാർക്ക്, ബാർ അസോസിയേഷൻ ഭാരവാഹികളായ എൻ കെ ബാലസുബ്രഹ്മണ്യം, എം.അബ്ദുൽ നാസർ, നഗരസഭാ മുൻ ഉപാധ്യക്ഷൻ ആർ രവീന്ദ്രൻപിള്ള, തഹസീർദാർ പി.ഷിബു, പിഡബ്ല്യുഡി, ഐ.എച്ച്.ആ.ർ.ഡി. ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.