കരുനാഗപ്പള്ളി : കോവിഡ് രണ്ടാംഘട്ട വ്യാപനം ശക്തമായതോടെ കരുനാഗപ്പള്ളിയിൽ പോലീസും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്താനുള്ള പ്രത്യേക പോലീസ് സംഘത്തിൻ്റെ പരിശോധന സജീവമാക്കി. ഞായറാഴ്ച മാത്രം 1400 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. രണ്ടായിരത്തോളം പേർക്ക് താക്കീതും നൽകിയിരുന്നു. മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടംകൂടിയതിനുമാണ് കൂടുതലായും കേസെടുത്തിട്ടുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ എ.സി.പി. യുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങ്ങിൽ തീരുമാനമായി. അഴീക്കൽ ഹാർബറിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കും. മത്സ്യം എടുക്കാൻ വരുന്ന വാഹനങ്ങൾക്ക് പ്രത്യേകം പാസും ഏർപ്പെടുത്തും. പ്രാദേശിക കച്ചവടം പരമാവധി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നീണ്ടകര ഹാർബറിൽ ഞായറാഴ്ച ദിവസങ്ങളിൽ അവധി നൽകും. മത്സ്യം ഇറക്കാൻ വരുന്ന യാനങ്ങൾ മത്സ്യം ഇറക്കിയശേഷം വേഗത്തിൽ ഹാർബർ വിടണം. മത്സ്യ ബന്ധനത്തിനായി പോകുന്ന തൊഴിലാളികൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം തുടങ്ങിയ തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മത്സ്യഫെഡ് പ്രതിനിധി, ഹാർബർ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തതായി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ.സജീവ് അറിയിച്ചു.