കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചു…

കരുനാഗപ്പള്ളി : താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സാകേന്ദ്രം തുറന്നത്.
നിലവിലുള്ള പ്രധാന കെട്ടിടത്തിനു പുറകിലെ കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം തുടങ്ങിയത്. പതിനഞ്ചു കിടക്കകൾക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മൂന്നു കിടക്കകൾക്ക് വെന്റിലേറ്ററും ഐ.സി.യു. സംവിധാനവും ഉണ്ടായിരിക്കും. ഓക്സിജൻലഭ്യത ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാകേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ബി-കാറ്റഗറിയിലുള്ള രോഗികളെ ഉദ്ദേശിച്ചാണ് ചികിത്സാകേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.

കിടത്തിച്ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികളെ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോകുന്നത്. താലൂക്ക്‌ ആശുപത്രിയിൽ ചികിത്സാസൗകര്യം ഒരുക്കുന്നതോടെ പരമാവധി രോഗികൾക്ക് ഇവിടെ ചികിത്സ നൽകാനാകും.

നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ആശുപത്രി കെട്ടിടം പ്രവർത്തനത്തിനായി തുറന്നുകൊടുത്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. പി.മീന, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, കൗൺസിലർ രമ്യ സുനിൽ, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ആർ.എം.ഒ. ഡോ. അനൂപ് കൃഷ്ണൻ, ഡോ. ക്ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !