കരുനാഗപ്പള്ളി : കോവിഡ് മഹാമാരി നാടിനെ രൂക്ഷമായി കീഴടക്കുന്നതിനു മുമ്പുതന്നെ വരാനിരിക്കുന്ന ദുരിത കാലത്തെ പ്രതിരോധിക്കാൻ മുൻകൂട്ടി ഓക്സിജൻ ജനറേറ്റർ സംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി.
2019 -20 സാമ്പത്തിക വർഷത്തിൽ ദേശീയ ആരോഗ്യ മിഷൻ്റെ (NHM) സഹകരണത്തോടെയാണ് കരുനാഗപ്പള്ളി നഗരസഭ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സിസ്റ്റം സ്ഥാപിച്ചത്. 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഓക്സിജൻ ജനറേറ്റർ യാഥാർത്ഥ്യമാക്കിയത്. അന്തരീക്ഷത്തിൽ നിന്നും വായു സ്വീകരിച്ച് ഓക്സിജനെ വേർതിരിച്ച് പൈപ്പുകളിലൂടെ ആശുപത്രിയിൽ വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ എത്തിച്ചു നൽകുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കാഷ്വാലിറ്റി, വിവിധ ഓപ്പറേഷൻ തിയേറ്ററുകൾ, മെഡിക്കൽ ഐ.സി.യു. എന്നിവിടങ്ങളിലെല്ലാം പൈപ്പ് വഴി ആവശ്യത്തിന് ഓക്സിജൻ എത്തിച്ചേരും. റോഡപകടങ്ങൾ ഉൾപ്പെടെയുള്ള നിരവധ ക്വാഷ്വാലിറ്റി കേസുകൾ കൈകാര്യം ചെയ്യുന്ന, സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം രോഗികൾ . ഒ.പി. യിൽ എത്തിച്ചേരുന്ന, ഓരോ മാസവും നിരവധി സർജറികൾ നടക്കുന്ന പ്രധാന ആശുപത്രികളിൽ ഒന്നാണ് കരുനാഗപ്പള്ളിയിലേത്. ഇവിടെയൊക്കെ ഓരോ മാസവും വേണ്ടിവരുന്ന ഓക്സിജൻ സിലണ്ടറുകളുടെ ആവശ്യകത മനസ്സിലാക്കിയാണ് ഓക്സിജൻ ജനറേറ്റർ സിസ്റ്റം സ്ഥാപിച്ചത്.
കോവിഡിൻ്റെ രണ്ടാം തരംഗത്തിൻ്റെ പശ്ഛാത്തലത്തിൽ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ച സാഹചര്യത്തിൽ ഈ സംവിധാനം ഏറെ പ്രയോജനകരമായി മാറും.