1000 ഡോസ് വാക്സിനുമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ….

കരുനാഗപ്പള്ളി : കേരള സർക്കാരിൻ്റെ വാക്സിൻ ചലഞ്ചിലേക്ക് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ 1000 ഡോസ് വാക്സിൻ സംഭാവന ചെയ്യും. കോവിഡിൻ്റെ തുടക്കം മുതൽ താലൂക്കിലെ ഗ്രന്ഥശാലകളെ കോർത്തിണക്കി വ്യത്യസ്ഥവും ശ്രദ്ധേയവുമായ നിരവധി പ്രവർത്തനങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്തിരുന്നു.

5000 മാസ്കുകളും 1000 സാനിട്ടൈസറും നിർമ്മിച്ചു നൽകി.100 ഹാൻഡ് വാഷിംഗ് സെൻ്ററുകൾ സ്ഥാപിച്ചു. കമ്യൂണിറ്റി കിച്ചനുകൾക്ക് സഹായമെത്തിച്ചു. ഭക്ഷ്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു എന്നിവ കൂടാതെ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി 102 ടെലിവിഷൻ സെറ്റുകൾ നല്കുകയും ചെയ്തിരുന്നു. കോറണ്ടയിനിൽ കഴിയുന്നവർക്ക് പുസ്തകമെത്തിക്കാൻ സഞ്ചരിക്കുന്ന വായനശാലകൾ പ്രവർത്തിപ്പിച്ചു. സി.എഫ്.എൽ.ടി.സി.കളിൽ വിനോദ ഉപാധികൾ ഒരുക്കിയും ജില്ലാ കളക്ടറുടെ പുസ്തക ചലഞ്ചിൽ 3000 പുസ്തകങ്ങൾ നല്കിയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ താലൂക്കിലെ ലൈബ്രറികളിൽ വാക്സിനേഷൻ ഹെൽപ്പ് ഡസ്കുകൾ സ്ഥാപിച്ചു.

ഈ പ്രവർത്തനങ്ങൾക്കനുബന്ധമായാണ് 1000 ഡോസ് വാക്സിൻ നൽകുന്ന -അതിജീവനത്തിന് പുസ്തകം സാക്ഷി- എന്ന ക്യാമ്പയിൻ ആരംഭിക്കുന്നതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി.ബി. ശിവനും സെക്രട്ടറി വി. വിജയകുമാറും അറിയിച്ചു. പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം പന്മന ഏ.വൺ ഗ്രന്ഥശാല നൽകിയ സഹായമേറ്റുവാങ്ങി താലൂക്ക് സെക്രട്ടറി വി.വിജയകുമാർ നിർവഹിച്ചു. ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് മുകേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ജെയിംസ് സ്വാഗതം പറഞ്ഞു. താലൂക്ക് കൗൺസിൽ അംഗം വി.എം. ജോയി,സോളമൻ എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !