കരുനാഗപ്പള്ളി : കോവിഡ് ബാധിച്ച് മരണപ്പെട്ട രോഗിയുടെ സംസ്കാരത്തിന് പുരുഷൻമാരായ വാളൻ്റിയേഴ്സിനൊപ്പം പി.പി.ഇ. കിറ്റ് അണിഞ്ഞ് എത്തിയ പെൺകുട്ടിയെ കണ്ട് മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിയ പലരും അത്ഭുതപ്പെട്ടു. ഒരു മടിയുമില്ലാതെ മറ്റുള്ളവർക്കൊപ്പം ആംബുലൻസിൽ നിന്നും ബോഡി ഏറ്റുവാങ്ങി. സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കുമ്പോഴും ആതിരയുടെ മുഖത്ത് പുഞ്ചിരി മാത്രം.
കരുനാഗപ്പള്ളി, കോഴിക്കോട്, പുത്തൻപുരയിൽ, വിജയൻ്റെയും ലതയുടെയും മകളായ ആതിര പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ താൽക്കാലിക തസ്തികയിൽ ജോലി ചെയ്യുന്ന നഴ്സാണ്. ജോലി സമയം കഴിഞ്ഞു കിട്ടുന്ന സമയം ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയുടെ പാലിയേറ്റീവ് വാളൻ്റിയറായും പ്രവർത്തിക്കുന്ന ആതിര രാഷ്ട്രീയ പ്രവർത്തക കൂടിയാണ്.
കോവിഡ് ബാധിച്ച് മരണപ്പെട്ട നിരവധി പേരുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് ശ്രദ്ധേയമായ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിക്ക് കഴിഞ്ഞ ദിവസം ഒരേ സമയം കുലശേഖരപുരത്തും കരുനാഗപ്പള്ളിയിലും രണ്ട് കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്കരിക്കേണ്ടി വന്നു. പണിക്കർകടവ് സ്വദേശി പ്രദീപിൻ്റെ സംസ്കാരം നഗരസഭാ ശ്മശാനത്തിൽ നിശ്ഛയിച്ചപ്പോൾ ചടങ്ങുകൾക്ക് ഒരാളിൻ്റെ സഹായം കൂടി വേണ്ടിവന്നു. വിവരമറിഞ്ഞ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ആതിര സന്തോഷത്തോടെ സംസ്കാര ചടങ്ങ് ഏറ്റെടുക്കുകയായിരുന്നു.
മഹാമാരിയുടെ ദുരിതം നാടിനെ വേട്ടയാടുമ്പോൾ തന്നാൽ കഴിയുന്ന സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാകുന്നതിൽ സന്തോഷമാണുള്ളതെന്ന് ആതിര പറയുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരത്തിന് ബന്ധുക്കൾ പോലും മടിച്ചു നിൽക്കുന്ന കാലത്ത് ആതിരയുടെ വലിയ മനസിന് സോഷ്യൽ മീഡിയയിലടക്കം വലിയ അംഗീകാരമാണ് ലഭിക്കുന്നത്.