ഉപ്പു വെള്ളം കയറൽ…. ചീപ്പ് സ്ഥാപിച്ചു….

കരുനാഗപ്പള്ളി : ശക്തമായ വേലിയേറ്റത്തെ തുടർന്ന് ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി. കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ മണ്ണേകടവിൽ നിന്നും ആരംഭിക്കുന്ന തോട് വഴിയാണ് ഉപ്പുവെള്ളം കയറി വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷിനാശവും കുടിവെള്ള സ്രോതസ്സുകളുടെ നാശവും ഉൾപ്പടെ ഉണ്ടായത്. പ്രശ്നത്തിൻ്റെ ഗൗരവം നഗരസഭാ കൗൺസിലർ സീമ സഹജൻ നഗരസഭാധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി എ. ഫൈസൽ ഇടപെട്ട് അടിയന്തരമായി പ്രദേശവാസികളുടെ സഹകരണത്തോടെ ചീപ്പ് സ്ഥാപിക്കുകയായിരുന്നു.

വേലിയേറ്റം ശക്തമാകുന്ന നവംബർ ,ഡിസംബർ, ജനുവരി മാസങ്ങളിൽ ഈ പ്രദേശങ്ങളിൽ ഉൾപ്പെടെ നഗരസഭയുടെ തീരമേഖലയിൽ ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്. മണ്ണേൽകടവിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ സ്ഥിരം ഷട്ടർ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് വൃശ്ഛിക വേലിയേറ്റം എന്ന പ്രതിഭാസം ശക്തമാകുന്നത്. ഇത് സാധാരണ രണ്ടു മൂന്നു മാസം നീണ്ടു നിൽക്കും. എന്നാൽ ആഗോള താപനത്തിൻ്റെ ഭാഗമായി സമുദ്രജലവിതാനം വർദ്ധിക്കുന്നത് വേലിയേറ്റം തുടർന്നും ശക്തമാകാൻ ഇടയാക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെ പറയുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !