വിശ്രമ രഹിതമായി കരുനാഗപ്പള്ളിയിലെ അഗ്നിശമന സേന…. രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച്….

കരുനാഗപ്പള്ളി : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിശ്രമമെന്തെന്നറിയാതെ രാപകലില്ലാതെ ഓടുകയാണ് കരുനാഗപ്പള്ളിയിലെ അഗ്നിശമന സേനാംഗങ്ങൾ. മരുന്നിനും ഭക്ഷണത്തിനും ആശുപത്രിയിൽ പോകാനുമെല്ലാം സഹായമഭ്യർത്ഥിച്ച് ഇവിടേക്ക് എത്തുന്നതാകട്ടെ നിരവധി കോളുകളാണ്. ആവശ്യമേതുമാകട്ടെ എല്ലാ വർക്കുമുള്ള വിവിധങ്ങളായ സേവനങ്ങളാണ് അഗ്നിശമന സേന ജീവനക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ നിരവധി പേർക്കാണ് കരുനാഗപ്പള്ളി യൂണിറ്റിലെ ജീവനക്കാർ ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച് നൽകിയത്. ഗുരുതര രോഗത്തിന് ചികിത്സയിലുള്ള ചങ്ങൻകുളങ്ങര സ്വദേശി ദീപ്തിയ്ക്ക് ആവശ്യമായ മരുന്ന് എറണാകുളത്തെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നാണ് എത്തിച്ച് നൽകിയത്. കരുനാഗപ്പള്ളി യൂണിറ്റിലെ ജീവനക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് എറണാകുളത്തെ ഫയർ ഫോഴ്‌സ് യൂണിറ്റ് മരുന്ന് വാങ്ങി ആലപ്പുഴ യൂണിറ്റിൽ എത്തിച്ചു. അവിടെനിന്നും ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി യൂണിറ്റുകളിലെ ജീവനക്കാർ കൈമാറിയാണ് ചങ്ങൻകുളങ്ങരയിലെ ദീപ്തിയുടെ വീട്ടിൽ മരുന്നെത്തിച്ചത്.

ശൂരനാട് ഇരവിച്ചിറ സ്വദേശി രാഹുൽ കൃഷ്ണൻ, തൊടിയൂർ വെളുത്തമണൽ സ്വദേശി ശശി, മാരാരിത്തോട്ടം സ്വദേശി സുരേന്ദ്രൻ എന്നിവർക്കും സേനാ അംഗങ്ങൾ ഇടപെട്ട് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച് നൽകി. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള മരുന്നുകളാണ് ഇവർക്ക് എത്തിച്ച് നൽകിയത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി വിനോദിനെ സേനയുടെ ആംബുലൻസിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സയും ലഭ്യമാക്കി. ഒറ്റപ്പെട്ട് താമസിക്കുന്നവരും സഹായിക്കാൻ ആരും ഇല്ലാത്തവരും രോഗികളും ആഹാരത്തിനായും സ്‌റ്റേഷനിലേക്ക് വിളിക്കുന്നുണ്ട്. സേനാംഗങ്ങൾക്കായി സ്റ്റേഷനിൽ തയ്യാറാക്കുന്ന ഭക്ഷണത്തിൽ നിന്ന് ഇവർവർക്ക് യഥാസമയം ആഹാരവും ലഭ്യമാക്കുന്നു.

ഇതുകൂടാതെ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ശുചീകരണവും എല്ലാ ദിവസവും സേന നടത്തിവരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കരുനാഗപ്പള്ളി ഗ്യാസ് ഗോഡൗൺ, സബ് ട്രഷറി, കെഎസ്ഇബി ഓഫീസുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഓട്ടോ-ടാക്‌സി സ്റ്റാന്റുകൾ എന്നിവിടങ്ങളിലെല്ലാം അനുണനശീകരണം നടത്തിവരുന്നു. സ്റ്റേഷൻ ഓഫീസർ ടി സുരേഷിൻ്റെ നേതൃത്വത്തിൽ 42 ജീവനക്കാരാണ് വിശ്രമ രഹിതമായി പ്രവർത്തന രംഗത്തുള്ളത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !