കരുനാഗപ്പള്ളി : ദുരന്തമുഖങ്ങളിൽ സഹായമായി ഇനി മുതൽ അഗ്നിരക്ഷാസേനയുടെ ചെറുവാഹനമായ വാട്ടർ മിസ്റ്റ് എത്തും. കരുനാഗപ്പള്ളി ഫയർ സ്റ്റേഷനും വാട്ടർ മിസ്റ്റ് അനുവദിച്ചു. ഇതിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 3 ന് ആർ രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിക്കും. ഇതോടെ ഇടറോഡുകളുള്ള ഗ്രാമീണ മേഖലകളിലും ദുരന്ത സമയങ്ങളിൽ ഫയർ ഫോഴ്‌സിന്റെ സേവനം ലഭ്യമാകും.
400 ലിറ്റർ വെള്ളവും 50 ലിറ്റർ പതയും സംഭരിക്കാനുള്ള ശേഷി ഈ ചെറുവാഹനത്തിലുണ്ട്. ഇടുങ്ങിയ വഴികളിലൂടെവരെ അതിവേഗം ഓടിയെത്താൻ സാധിക്കുമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ദുരന്തങ്ങൾ ഉണ്ടാകുന്ന പല സ്ഥലങ്ങളിലും വലിയ മൊബൈൽ ടാങ്കർ യൂണിറ്റുകൾക്ക് പലപ്പോഴും എത്താൻ സാധിക്കാറില്ല എന്നത് അഗ്നിരക്ഷാസേന നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ പലപ്പോഴും ഇത് കാരണമാകുകയും ചെയ്യും. കരുനാഗപ്പള്ളി സ്‌റ്റേഷൻ പരിധിയിലുള്ള പല സ്ഥലങ്ങളിലും ഇടുങ്ങിയതും നിരവധി വളവുകൾ ഉള്ളതുമായ വഴികളാണുള്ളത്. ഈ വഴികളിലൂടെയെല്ലാം വാട്ടർ മിസ്റ്റ് വാഹനത്തിന് ഓടിയെത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. മറ്റ് അപകട സ്ഥലങ്ങളിൽ വലിയ വാഹനങ്ങൾ എത്തുന്നതിന് മുമ്പായി ഫസ്റ്റ് എയ്ഡ് ഫയർ ഫൈറ്റിങ് എന്ന നിലയിലും ഈ വാഹനം ഉപയോഗപ്പെടുത്താനാകും. 50 മീറ്റർ അകലെ വരെ വെള്ളം പമ്പ് ചെയ്യുന്നതിന് ആവശ്യമായ ഹോസ് റീലും 30 മീറ്റർ വരെ കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന മറ്റൊരു ഹോസ് റീലും വാഹനത്തിലുണ്ട്. നിലവിൽ രണ്ട് വലിയ മൊബൈൽ ടാങ്കർ യൂണിറ്റും ഒരു ആംബുലൻസുമാണ് കരുനാഗപ്പള്ളിയിൽ ഉള്ളത്. പുതിയ സംവിധാനം വരുന്നതോടെ അപകട മുഖങ്ങളിൽ അത് വലിയ സഹായമായി മാറും.