കരുനാഗപ്പള്ളിയിൽ ഫയർസ്റ്റേഷന്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ അഗ്നിശമന സേനയ്ക്ക് സ്വന്തം ആസ്ഥാനം യാഥാർത്ഥ്യമാക്കി പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണത്തിനായി പോലീസ് സ്റ്റേഷനു സമീപത്ത് വിട്ടുനൽകിയ സ്ഥലത്ത് നിർമ്മാണ ചുമതല ഏറ്റെടുത്ത കരുനാഗപ്പള്ളിയിലെ പാലക്കോട്ട് ബിൽഡേഴ്സ് എന്ന സ്ഥാപനമാണ് എഗ്രിമൻ്റ് വച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കെട്ടിട നിർമ്മാണം അടുത്ത ദിവസങ്ങളിൽ തുടങ്ങും.മുൻ എം.എൽ.എ. ആർ. രാമചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് സർക്കാർ സ്ഥലവും കെട്ടിടവും അനുവദിച്ചിരുന്നത്. തുടർന്ന് മുഖ്യമന്ത്രി തറക്കല്ലിടൽ നടത്തിയ ദിവസം തന്നെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് വന്ന ലോക് ഡൗണും കോവിഡ് പ്രതിസന്ധിയും എഗ്രിമൻ്റ് വയ്ക്കുന്നതുൾപ്പടെയുള്ള നടപടികൾ വൈകിപ്പിക്കുകയായിരുന്നു.

1989 ലാണ് കരുനാഗപ്പള്ളിയിൽ ഫയർസ്റ്റേഷൻ അനുവദിക്കുന്നത്. ലാലാജി ജംഗ്ഷനു സമീപം ആരംഭിച്ച സ്റ്റേഷൻ പിന്നീട് 1998 ൽ പോലീസ് സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. പഴകി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താറായ കെട്ടിടത്തിലാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കാൻ പോലുമിടമില്ലാത്ത സ്ഥലത്താണ് 43 ജീവനക്കാരും അഞ്ചോളം വാഹനങ്ങളുമുൾപ്പടെയുള്ള സംവിധാനങ്ങളുമായി അഗ്നി രക്ഷാ നിലയം സ്ഥിതി ചെയ്യുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന ആവശ്യം നിറവേറ്റുന്നതിനായി പോലീസ് സ്റ്റേഷനോട് ചേർന്ന് 20 സെൻ്റ് സ്ഥലം വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചത്.

ഇവിടെ കെട്ടിടം നിർമിക്കുന്നതിനായി 3.75 കോടി രൂപയുടെ അനുമതിയും ലഭിച്ചതോടെയാണ് പുതിയ ഫയർസ്റ്റേഷൻ യാഥാർത്ഥ്യമായത്. പുതുതായി നിർമ്മിക്കുന്ന ഫയർസ്റ്റേഷൻ കെട്ടിടത്തിൽസ്റ്റേഷൻ ഓഫീസ് റൂം, മെക്കാനിക്കൽ റൂം, സ്റ്റോർ റൂം, റസ്റ്റ് റൂം, സ്മാർട് ക്ലാസ് റൂം, ഭൂഗർഭ ടാങ്ക്, ഓവർ ഹെഡ് ടാങ്ക്, കുഴൽ കിണർ എന്നീ സൗകര്യങ്ങളാണ് ഉള്ളത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !