കരുനാഗപ്പള്ളി ഫയർസ്റ്റേഷൻ കെട്ടിടം നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു…

കരുനാഗപ്പള്ളി : പരിമിതികൾക്കുള്ളിൽ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി ഫയർ സ്റ്റേഷന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.

ഫയർ ആൻ്റ് റെസ്ക്യു മേധാവി ബി സന്ധ്യ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളിയിൽ നിലവിലെ ഫയർസ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആർ രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജു ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.

ഇതോടെ ഒരു നാടിൻ്റെ വർഷങ്ങൾ നീണ്ട ആവശ്യത്തിനാണ് പരിഹാരമാകുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഫയർ സ്റ്റേഷന് സ്വന്തം സ്ഥലവും കെട്ടിടവും എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1989 ലാണ് കരുനാഗപ്പള്ളിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നത്. ലാലാജി ജംഗ്ഷനു സമീപം ആരംഭിച്ച സ്റ്റേഷൻ പിന്നീട് 1998 ൽ പോലീസ് സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.

പഴകി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താറായ കെട്ടിടത്തിലാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കാൻ പോലുമിടമില്ലാത്ത സ്ഥലത്താണ് 43 ജീവനക്കാരും അഞ്ചോളം വാഹനങ്ങളുമുൾപ്പടെയുള്ള സംവിധാനങ്ങളുമായി അഗ്നി രക്ഷാ നിലയം സ്ഥിതി ചെയ്യുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന ആവശ്യം നിറവേറ്റുന്നതിനായി പോലീസ് സ്റ്റേഷനോട് ചേർന്ന് 20 സെൻ്റ് സ്ഥലം വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് കെട്ടിടം നിർമിക്കുന്നതിനായി 3.75 കോടി രൂപയുടെ അനുമതിയും നൽകി.

പുതുതായി നിർമ്മിക്കുന്ന ഫയർസ്റ്റേഷൻ കെട്ടിടത്തിൽസ്റ്റേഷൻ ഓഫീസ് റൂം, മെക്കാനിക്കൽ റൂം, സ്റ്റോർ റൂം, റസ്റ്റ് റൂം, സ്മാർട് ക്ലാസ് റൂം, ഭൂഗർഭ ടാങ്ക്, ഓവർ ഹെഡ് ടാങ്ക്, കുഴൽ കിണർ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !