നിലാവ് പദ്ധതി കരുനാഗപ്പള്ളിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവ് വിളക്കുകൾ പൂർണമായും എൽ.ഇ.ഡി. യിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കരുനാഗപ്പള്ളിയിൽ നടന്നു.

വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്ദീൻ, എം.എം.മണി തുടങ്ങിയവർ പങ്കെടുത്തു.

ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി എ. ഫൈസൽ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിച്ചു. ആർ രാമചന്ദ്രൻ എം.എൽ.എ. യോഗം ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്നതും പദ്ധതിവിഹിതത്തിൽ ആദ്യം തുക വകയിരുത്തിയതും കരുനാഗപ്പള്ളി നഗരസഭയാണ്. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്‌സൺ സുനിമോൾ തുടങ്ങീ എല്ലാ കൗൺസിലർമാരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.

പരമ്പരാഗത തെരുവ് വിളക്കുകൾ എൽ.ഇ.ഡി. യിലേക്ക് മാറ്റുക വഴി ഊർജ്ജ ഉപഭോഗവും പരിസ്ഥിതി ആഘാതവും കുറയ്ക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ ആറായിരം തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. കിഫ്ബി ഫണ്ടിനൊപ്പം നഗരസഭാ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !