സൗജന്യ കിറ്റുകൾ കരുനാഗപ്പള്ളിയിലെ റേഷൻ കടകളിലെത്തിച്ചു….

കരുനാഗപ്പള്ളി : ലോക്ക് ഡൗണിൻ്റെ ഭാഗമായി റേഷൻ കാർഡുടമകൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റുകൾ താലൂക്കിലെ എല്ലാ റേഷൻകടകളിലും എത്തിച്ചു. ആദ്യഘട്ടമായി എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്കുള്ള 8035 കിറ്റുകളാണ് എത്തിച്ചത്.

ഭക്ഷ്യധാന്യ കിറ്റുകളിൽ ഒരിനമായ നുറുക്ക് ഗോതമ്പ് എത്താൻ വൈകിയതിനാൽ വ്യാഴാഴ്ച ചില കടകളിൽ കിറ്റുകൾ എത്തിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ വൈകിയെത്തിയ നുറുക്ക് ഗോതമ്പ് പെട്ടന്നുതന്നെ സപ്ലൈക്കോ ഡിപ്പോയുടെ കീഴിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും എത്തിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ പായ്ക്ക് ചെയ്ത് വ്യാഴാഴ്ച ഉച്ചയോടെ പല റേഷൻ കടകളിലും ഇവ എത്തിക്കുകയും ചെയ്തു. ബാക്കി റേഷൻ കടകളിൽ വെള്ളിയാഴ്ചയും എത്തിച്ചു നൽകി. വെള്ളിയാഴ്ച റേഷൻ കടകൾ അവധിയായിരുന്നെങ്കിലും കിറ്റുകൾ ഇറക്കുന്നതിനുവേണ്ടി തുറന്നാണ് ഇവ എത്തിക്കുന്ന ജോലി പൂർത്തിയാക്കിയത്.

18 ഇനങ്ങളാണ് ഓരോ കിറ്റുകളിലും ഉള്ളത്. കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ കടകളിൽ നിന്നും അർഹതപ്പെട്ടവർക്ക് കിറ്റുകൾ വാങ്ങാം. താലൂക്കിൽ 246 റേഷൻ കടകളാണുള്ളത്. താലൂക്കുതല വിതരണത്തിന്റെ ഉദ്ഘാടനം എ.ആർ.ഡി. 116-ാം നമ്പർ റേഷൻ കടയിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !