കരുനാഗപ്പള്ളി : ജീവിത ദുരിതങ്ങൾക്ക് നടുവിൽ ചലനമറ്റു പോയb ബിജുവിന് ഇനി ഗാന്ധിഭവൻ തുണയാകും. കുലശേഖരപുരം, ആദിനാട് തെക്ക്, പതിനാറാം വാർഡിൽ പണിക്കൻതറയിൽ ബിജുവിനാ കുടുംബത്തിനുംമേൽ ജീവിതദുരിതങ്ങൾ തീമഴ പോലെ പെയ്തിറങ്ങുകയായിരുന്നു.
16 വർഷം മുമ്പ് പിതാവ് ബാലകൃഷ്ണൻ മരണപ്പെട്ടു. മക്കളായ ബിജു (42)സഹോദരി ബിന്ദു (38) എന്നിവർ മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നു. ഇവരുടെ മാതാവ് കമലാക്ഷി (77) അർബുധ രോഗ ബാധയെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഒരു കൈയുടെ സ്വാധീനവും നഷ്ടപ്പെട്ടു. മാനസികമായ വെല്ലുവിളി നേരിടുന്ന വ്യക്തിയാണെങ്കിലും ബിജു നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു.
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ബിജു തൊഴിലുറപ്പ് തൊഴിൽ ഉൾപ്പെടെയുള്ള ജോലികൾക്കും പോകുമായിരുന്നു. ഈ സമയത്താണ് ബിജുവിന് പക്ഷാഘാതവും ഉണ്ടായത്. ഇതോടെ ചലനശേഷി നഷ്ടപ്പെട്ട ബിജുവിന് ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകരായിരുന്നു പരിചരണം എത്തിച്ചു നൽകിക്കൊണ്ടിരിക്കുന്നത്. ബിജുവിന് ഫിസിയോതെറാപ്പി ചെയ്തു വരുകയായിരുന്നു.
ഇതിനിടെ ഇവരുടെ കുടുംബത്തിൻ്റെ മുഴുവൻ ബാധ്യതയും ചുമലിലേറ്റി സഹോദരൻ തൊഴിൽതേടി വിദേശത്തേക്ക് പോകേണ്ടിവന്നു. ഇതോടെ സഹോദരൻ്റെ ഭാര്യയുടെ ചുമലിലായി വീട്ടിലെ രോഗികളായ മൂന്നുപേരുടെയും പരിചരണ ചുമതല. ഏറെ താമസിയാതെ ഇവർക്കും വൃക്കരോഗം പിടിപെട്ടു.
ഇതോടെ മറ്റു സഹായമില്ലാതെയായി പ്രയാസത്തിലായ ബിജുവിൻ്റെ ജീവിതകഥ ഗാന്ധിഭവൻ അധികൃതരെ സി.പി.ഐ. എം പ്രവർത്തകർ അറിയിക്കുകയായിരുന്നു. തുടർന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സി. രാധാമണി, സി.പി.ഐ.എം. എം. ഏരിയ കമ്മിറ്റി അംഗം വി.പി. ജയപ്രകാശ്മേനോൻ, ലോക്കൽ സെക്രട്ടറി ബി.കൃഷ്ണകുമാർ, സൈനുദ്ദീൻ, സുതൻ എന്നിവരുടെ നേതൃത്വത്തിൽ ബിജുവിനെ ഗാന്ധിഭവന് കൈമാറി. പാലിയേറ്റീവ് പ്രവർത്തകരായ സൈജു, ഗുരുദാസ്, അഭിലാഷ്, അയ്യപ്പൻ എന്നിവർ ചേർന്ന് ബിജുവിനെ സൊസൈറ്റിയുടെ ആംബുലൻസിൽ ഗാന്ധിഭവനിൽ എത്തിച്ചു.