കരുനാഗപ്പള്ളി : നാടിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുത്തന്‍ കുതിപ്പേകിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ അത്യാധുനിക രീതിയിൽ പണി കഴിപ്പിച്ച ഹൈടെക് അടുക്കള ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.
ജംബോ സ്റ്റീം ബോയിലർ സംവിധാനത്തിൽ ഒരേ സമയം 50 കിലോഗ്രാം ശേഷിയുള്ള രണ്ട് റൈസ് കുക്കറുകളും രണ്ട് വെജിറ്റബിൾ കുക്കിംഗ് വെസ്സൽസും, മിൽക്ക് വെൽസും ഉൾപ്പെടുന്ന ആധുനിക രീതികളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. പാത്രം കഴുകി വൃത്തിയായി വരുന്ന പോസ്റ്റ് ക്ലീനിംഗ് വെസ്സൽസ്, ഭക്ഷ്യധാന്യങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റൂം സൗകര്യവും, ഒരേ സമയം 100 ലധികം വിദ്യാർത്ഥി കൾക്ക് ഭക്ഷണം കഴിക്കാവുന്ന ആധുനിക ഡൈനിംഗ് ഏരിയയും കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.
മുൻ എം.എൽ.എ. ആർ രാമചന്ദ്രൻ്റെ പ്രത്യേക വികസന നിധിയിൽ നിന്നുമുള്ള 25 ലക്ഷം രൂപയും സ്കൂൾ മാനേജ്മെന്റിന്റെ 25 ലക്ഷത്തോളം രൂപയും ചിലവാക്കിയാണ് അടുക്കള നിർമ്മിച്ചത്. 2500 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 3 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ. ആർ രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് വി.പി.ജയപ്രകാശ് മേനോൻ,വി. രാജൻപിള്ള എന്നിവർ അറിയിച്ചു.