രേഖകളില്ലാത്ത സ്വർണ്ണാഭരണങ്ങൾ പിടികൂടി….

കരുനാഗപ്പള്ളി : ജി.എസ്.ടി. നിയമപ്രകാരം മതിയായ രേഖകൾ ഇല്ലാതെ തൃശ്ശൂരിൽ നിന്നും കൊല്ലത്തേക്ക് കൊണ്ടുവന്ന 13.5 ലക്ഷം രൂപ വില വരുന്ന 385 ഗ്രാം സ്വർണ്ണാഭരങ്ങൾ കരുനാഗപ്പള്ളി മൊബൈൽ സ്‌ക്വാഡ് പിടികൂടി. ഇവർക്ക് ജി.എസ്.ടി. നിയമം സെക്ഷൻ 130 പ്രകാരം നോട്ടീസ് നൽകി നികുതി, പിഴ, പെനാൽറ്റി എന്നീ ഇനങ്ങളിലായി 13.5 ലക്ഷം രൂപ ഈടാക്കി.

സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ് ) എസ് രാജീവിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ്‌ ഓഫീസർമാരായ ബി. രാജേഷ്, എസ് രാജേഷ്‌കുമാർ, ബി. രാജീവ്‌, ടി. രതീഷ്, സോനാജി. ഷൈല, ജീവനക്കാരനായ ശ്രീകുമാർ പി എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഈ സാമ്പത്തികവർഷം ഇതുവരെ ജി എസ് ടി നിയമപ്രകാരമുള്ള യാതൊരു രേഖകളും ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 67 ലക്ഷം രൂപ വിലവരുന്ന ഒന്നരക്കിലോ സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവും അഞ്ച് വ്യത്യസ്ത കേസുകളിലായി കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി, കായംകുളം എന്നീ സ്ഥലങ്ങളിൽ നിന്നും കരുനാഗപ്പള്ളി മൊബൈൽ സ്ക്വാഡ് പിടികൂടിയതായും ഇതിൻ്റെ പിഴ, ഫൈൻ, നികുതി എന്നീ ഇനങ്ങളിൽ 54 ലക്ഷം രൂപ ഈടാക്കിയതായും അധികൃതർ അറിയിച്ചു.

മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 5.22 കോടി രൂപ വിലവരുന്ന സ്വർണ്ണവും സ്ക്വാഡ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട 8 കേസുകളിലായി 31. 20 ലക്ഷം രൂപ പിഴയും ഈടാക്കി. കഴിഞ്ഞവർഷം പിടികൂടിയ ഒരു കോടി നാല് ലക്ഷം രൂപ വിലവരുന്ന 1.500 കിലോഗ്രാം സ്വർണാഭരണങ്ങൾ നികുതിയും പിഴയും അടക്കാത്തതിനാൽ സർക്കാരിലേക്ക് കണ്ടു കെട്ടി. ഇവ കടത്താൻ ശ്രമിച്ച രണ്ട് കാറുകളും കണ്ടുകെട്ടിയതായും ജി എസ് ടി വിഭാഗം അറിയിച്ചു.

ചിത്രം: കരുനാഗപ്പള്ളിയിൽ ജി എസ് ടി മൊബൈൽ സ്ക്വാഡ് പിടികൂടിയ സ്വർണ്ണാഭരണങ്ങൾ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !