കരുനാഗപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ഏറ്റെടുത്ത് നവീകരിച്ച അംഗൻവാടി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ഏറ്റെടുത്ത് നവീകരിച്ച അംഗൻവാടിയുടെ സമർപ്പണം നടന്നു. ശ്രേഷ്ഠബാല്യം പദ്ധതിയിലൂടെയാണ് അംഗൻവാടി ഏറ്റെടുത്ത് നവീകരിച്ചത്.

നാഷണൽ സർവീസ് സ്‌കീമിന്റെ അൻപതാം വാർഷികത്തിന്റെയും ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തിന്റെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും കൂടിഭാഗമായാണ് കരുനാഗപ്പള്ളി നഗരസഭയിലെ പത്താം ഡിവിഷനിലെ മാമ്പുഴ 34-ാം നമ്പർ അംഗൻവാടി നവീകരിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ചുവരുകൾക്ക് വർണ്ണ നിറങ്ങൾ പൂശി വൃത്തിയാക്കി. പ്രകൃതിയുടെ ഭാഗമായി ജീവിക്കേണ്ടതിന്റെ സന്ദേശം പകരുന്ന ചിത്രങ്ങളും അമ്മയുടെയും കുഞ്ഞിന്റെയും പക്ഷികൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയ ചിത്രങ്ങളാൽ ചുവരുകൾ ആകർഷകമാക്കി. കോൺക്രീറ്റ് മേൽക്കൂരയുടെ ചോർച്ച പരിഹരിക്കാൻ പ്ലാസ്റ്ററിംഗ് ജോലികളാണ് ആദ്യം ചെയ്തത്.തുടർന്ന് മുറ്റവും പരിസരവും ടൈൽ പാകി വൃത്തിയാക്കി. ഇതോടെ കുട്ടികൾ നടന്നു പോകുന്ന സ്ഥലത്തെ വെള്ളകെട്ടും ഒഴിവായി. അത്യാവശ്യം പ്ലംബിങ് വർക്കുകളും നടത്തി നൽകി.

ആർ. രാമചന്ദ്രൻ എം.എൽ.എ. അംഗൻവാടിയുടെ സമർപ്പണം നിർവഹിച്ചു. പഠനസാമഗ്രികളും എം.എൽ.എ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ എം ശോഭന അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ആർ രവീന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സജി എസ്,പ്രോഗ്രാം ഓഫീസർ മഞ്ജുശ്രീ വി എസ്, എംപിടിഎ പ്രസിഡന്റ് രമ്യ രാജേഷ്, സിഡിപിഒ ഹേമ പി,ഐസിഡിഎസ് സൂപ്പർവൈസർ നിഷ ജെ എൽ ,ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശോഭ സി എസ്., പ്രഥമാധ്യാപിക ജെ ക്ലാരറ്റ് ,സ്റ്റാഫ് സെക്രട്ടറി സജികുമാർ പി എസ്, സോപാനം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !