സേവ് ആലപ്പാട് ജനകീയ സമരം ഒരു വർഷത്തിലേക്ക്….

കരുനാഗപ്പള്ളി : ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് നിരാഹാര സമരം വെള്ളിയാഴ്ചയാകുമ്പോൾ നീണ്ട ഒരു വർഷം പിന്നിടും. 2018 നവംബർ ഒന്നിന് പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാലാൽ ഉദ്ഘാടനം ചെയ്താണ് സമരം തുടങ്ങിയത്.

ഒരുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി 31-ന് തീരദേശ പദയാത്ര നടത്തും. ഗാന്ധിയൻ കെ.ജി.സതീശൻ അഴീക്കലിൽ പദയാത്ര ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നിന് വൈകിട്ട് നാലിന് വെള്ളനാതുരുത്തിൽ കടലിലിറങ്ങി പ്രവർത്തകർ സാഗരശയനസമരം നടത്തും. പരിസ്ഥിതി പ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ സാന്ദീപ് പാണ്ഡെ സംസാരിക്കും.

6.88 ചതുരശ്ര കിലോമീറ്ററിൽ ചുരുങ്ങിപ്പോയ ആലപ്പാട് ഗ്രാമം നിലനിൽക്കണമെങ്കിൽ ഖനനം പൂർണമായും നിർത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി. ഒരു വർഷംകൊണ്ട് മൂവായിരത്തിലേറെപ്പേർ നിരാഹാരസമരത്തിൽ പങ്കെടുത്തിരുന്നു. സമരം ഇനിയും കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !