കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി അന്താരാഷ്ട്രതലത്തിലെത്തിക്കാന്‍ ശ്രമം. സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കലിന് തുടക്കമായി.
ഡിജിറ്റല് വായനശാല, ആധുനിക ലാബുകള്‍, ഡിജിറ്റല്‍ ക്ലാസ്മുറികള്‍, വൃത്തിയും വിസ്താരവുമുള്ള ക്ലാസ്മുറികള്‍ എന്നിവ സജ്ജമാക്കും. ഭക്ഷണവിതരണസ്ഥലം ആധുനികമാക്കും. ശുദ്ധമായ കുടിവെള്ള വിതരണത്തിനുള്ള പദ്ധതി, ബയോഗ്യാസ് പ്ലാന്റ്, ഉദ്യാനം, മാലിന്യനിര്‍മാര്‍ജന സംവിധാനം, പ്ലാസ്റ്റിക് വിമുക്ത കാമ്പസ് സംവിധാനം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലുവശങ്ങളിലായി ബഹുനിലമന്ദിരങ്ങള്‍ നിര്‍മിക്കും. മധ്യഭാഗത്ത് വിശാലമായ കളിസ്ഥലവും തുറസായസ്ഥലവും ലഭിക്കത്തക്കവിധത്തിലാണ് പദ്ധതിയുള്ളത്.
പദ്ധതിക്കായി അഞ്ചുകോടിയോളം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാര്‍ ഫണ്ടിനൊപ്പം പൊതുസമൂഹത്തില്‍നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് വഴിയും തുക കണ്ടെത്താനാണ് ശ്രമം. നഗരസഭ അധ്യക്ഷ എം.ശോഭന, വൈസ് ചെയര്‍പേഴ്‌സണും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എം.മഞ്ചു, വികസനസമിതി ചെയര്‍മാന്‍ കോടിയാട്ട് രാമചന്ദ്രന്‍ പിള്ള, പി.ടി.എ. പ്രസിഡന്റ് അനില്‍കുമാര്‍ ജി., വാര്‍ഡ് കൗണ്‍സിലര്‍ ശക്തികുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ ജയദീപ്, ഹെഡ്മാസ്റ്റര്‍ എം.ഹുസൈന്‍, വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഷമീനാബീഗം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.