കരുനാഗപ്പള്ളി : നൻമയുടെ പൊതിച്ചോറുകളുമായി അവർ വീണ്ടുമെത്തി. പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരാണ് പൊതിച്ചോറുകളുമായി വീണ്ടുമെത്തിയത്. ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാലയിലെ വനിതാവേദി പ്രവർത്തകരാണ് ഇത്തവണയും ആശുപത്രിയിൽ ഭക്ഷണ പൊതികളുമായെത്തിയത്. ഒരു കുടുംബം ഒരു പൊതിച്ചോറ് – എന്ന പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോറുകൾ വിതരണം ചെയ്തത്. ഗ്രന്ഥശാലയിൽ വനിതാ വേദി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ചിന്തിച്ചിരുന്നു. 2017 ജൂലായ് മാസത്തിൽ പദ്ധതിയുടെ ഉദ്ഘാടനം പുതിയകാവ് ആശുപത്രിയിൽ നടന്നിരുന്നു.
ഗ്രന്ഥശാലകൾ കാലത്തിനൊപ്പം മാറ്റത്തിനൊപ്പം എന്ന താലൂക്ക് ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ചുവടുപിടിച്ചാണ് പദ്ധതിക്ക് തുടക്കമായതെന്ന് ഗ്രന്ഥശാലാ സെക്രട്ടറി എം. രാമചന്ദ്രൻപിള്ള പറഞ്ഞു. ഗ്രന്ഥശാലാ പരിസരത്തെ നൂറ്റമ്പത് വീടുകൾ വനിതാ വേദി പ്രവർത്തകർ സന്ദർശിച്ചാണ് ഭക്ഷണപ്പൊതികൾ ശേഖരിച്ചത്. എന്നാൽ 200 ലധികം വീടുകളിൽ നിന്നും പൊതിച്ചോറുകൾ എത്തിയതായി വനിതാവേദി ഭാരവാഹികൾ പറഞ്ഞു. തുടർന്ന് മൂന്നു മാസത്തിലൊരിക്കൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ആശുപത്രി അങ്കണത്തിൽ നടന്ന ഭക്ഷണപ്പൊതി വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.നഹാസ് , ഡോ. ബിജു സത്യൻ, വനിതാ വേദി സെക്രട്ടറി ഹേമാ മാത്യു, ഗ്രന്ഥശാലാ പ്രസിഡന്റ് കെ വിശ്വനാഥൻ, രാമചന്ദ്രപണിക്കർ, ജി. മഹേശ്വരി, ലൈബ്രേറിയൻ മായ, സരളാദേവി, സുകുമാരി, ശ്രീധരൻ പുന്തല, എസ്.കൃഷ്ണകുമാർ, രാമൻ കുട്ടിപ്പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.