കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സണായി ഇ. സീനത്തിനെ തെരെഞ്ഞെടുത്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സണായി ഇ. സീനത്തിനെ തെരെഞ്ഞെടുത്തു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് വരണാധികാരിയായ സഹകരണ ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) പ്രസന്നകുമാരി ഡി. നേത്യത്വം നൽകി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഇ. സീനത്തിന് 18 വോട്ടും യു. ഡി. എഫിലെ സുനിതാ സലിം കുമാറിന് 15 വോട്ടും ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. നഗരസഭയിലെ 32-ാം ഡിവിഷനെ പ്രതിനിധീകരിക്കുന്ന എൽ.ഡി. എഫിലെ സീനത്തിന്റെ പേര് മുൻ ചെയർപേഴ്സൺ എം. ശോഭന നിർദ്ദേശിച്ചു. അജിതകുമാരി പിൻതാങ്ങി. 35-ാം ഡിവിഷനെ പ്രതിനിധീകരിക്കുന്ന യു.ഡി. എഫിലെ സുനിതാ സലിംകുമാറിന്റെ പേര് എസ്. ശക്തികുമാർ നിർദ്ദേശിച്ചു. മുനമ്പത്ത് ഗഫൂർ പിൻതാങ്ങി.

തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സന്റെ സത്യപ്രതിജ്ഞയും നടന്നു. വരണാധികാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന്‌ ചേർന്ന അനുമോദന യോഗത്തിൽ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി ഫൈസൽ സ്വാഗതം പറഞ്ഞു. ആർ രാമചന്ദ്രൻ എം.എൽ.എ., കാപ്പെക്സ് ചെയർമാൻ പി. ആർ. വസന്തൻ, സി.പി. ഐ. എം. ഏരിയാ സെക്രട്ടറി പി കെ ബാലചന്ദ്രൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു തുടങ്ങിയവർ സംസാരിച്ചു. വനിതാ സംവരണമായ കരുനാഗപ്പള്ളിയിൽ എൽ.ഡി. എഫ്. ധാരണ പ്രകാരം മുൻ നഗരസഭ ചെയർപേഴ്സൺ എം. ശോഭന രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സി.പി.ഐ. യുടെ പ്രതിനിധിക്കാണ് പുതിയ ചെയർപേഴ്സൺ സ്ഥാനം നൽകിയത്. 35 അംഗ നഗരസഭയിൽ എൽ.ഡി.എഫ് – 18, യു.ഡി.എഫ് -15, ബി.ജെ.പി. -1, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ് കക്ഷിനില.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !