കരുനാഗപ്പള്ളി : നാടന്‍ കാര്‍ഷിക വിളകളുടെയും രുചിയേറും ഭക്ഷണ വിഭവങ്ങളുടെയും പ്രദര്‍ശനവും വിപണനവുമൊരുക്കി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്സില്‍ ഓണാഘോഷം നടന്നു. സ്‌കൂളിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍.
സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ അവരുടെ വീടുകളില്‍ ഉത്പാദിപ്പിച്ച നാടന്‍ പച്ചക്കറികളാണ് വില്‍പ്പനയ്ക്കും പ്രദര്‍ശനത്തിനും ഉണ്ടായിരുന്നത്. ചക്ക, ചേന, പയര്‍, വാഴക്കൂമ്പ്, ഏത്തയ്ക്ക തുടങ്ങി വിവിധയിനം പച്ചക്കറികള്‍ വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍തന്നെ പാചകം ചെയ്ത വൈവിധ്യമാര്‍ന്ന ഭക്ഷണ വസ്തുക്കള്‍ മേളയ്ക്ക് രുചിപകര്‍ന്നു. സാധനങ്ങള്‍ വാങ്ങുന്നതിനും പ്രദര്‍ശനം കാണുന്നതിനുമായി രാവിലെ മുതല്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വന്‍തിരക്കായിരുന്നു.
പോയിമറഞ്ഞ കാര്‍ഷിക സമൃദ്ധിയുടെ നാളുകളില്‍ ഉപയോഗിച്ചിരുന്ന വിവിധയിനം കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം മേളയില്‍ വേറിട്ട കാഴ്ചയായി. കലപ്പ, ചക്രം, വിവിധയിനം ചെമ്പ് പാത്രങ്ങള്‍, പറകള്‍, പാളത്തൊപ്പി, പാളച്ചെരുപ്പ് തുടങ്ങി പണ്ടുകാലത്ത് കര്‍ഷകര്‍ ഉപയോഗിച്ചിരുന്ന വിവിധങ്ങളായ വസ്തുക്കളുടെ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് പുത്തനറിവ് പകര്‍ന്നുനല്‍കി. ഓരോന്നിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ കാണികള്‍ക്ക് വിവരിച്ചു നല്‍കി. സ്‌കൂളിന്റെ പ്രവേശനകവാടത്തില്‍ പഴയ കുതിരവണ്ടിയും പ്രദര്‍ശിപ്പിച്ചിരുന്നു.
സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഹരിത സൗഹൃദ കൂട്ടായ്മ നഗരസഭയിലെ 10, 7 വാര്‍ഡുകളില്‍ ഹരിതസൗഹൃദ നഗരം പദ്ധതി നടപ്പാക്കുന്നുണ്ട്. വിവിധ കാര്‍ഷിക-പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കുക. രാവിലെ നടന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. മേള ഉദ്ഘാടനം ചെയ്തു. ഹരിതസൗഹൃദം നഗരം പദ്ധതിയുടെ ഉദ്ഘാടനവും എം.എല്‍.എ. നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ശോഭന ഹരിശ്രീ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ എസ്.ശക്തികുമാര്‍, ആര്‍.രവീന്ദ്രന്‍ പിള്ള, എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ്, പോച്ചയില്‍ നാസര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ജയന്ത്, എസ്.എം.സി. വൈസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത്, സുഷലത സതീശന്‍, പ്രഥമാധ്യാപകന്‍ എം.ഹുസൈന്‍, പ്രിന്‍സിപ്പാള്‍മാരായ ജി.രജിത്കുമാര്‍, എസ്.സജി, സീനിയര്‍ അസിസ്റ്റന്റ് എം.നിസാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.രാവിലെ വിളംബര ഘോഷയാത്രയോടെയാണ് പരിപാടികള്‍ തുടങ്ങിയത്.