കൂടുതുറന്നു പറക്കാൻ കൊതിച്ച് കുഞ്ഞുമനസുകൾ…. ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു….

കരുനാഗപ്പള്ളി : പാട്ടും കളിയും ആരവങ്ങളുമായി കൂട്ടുകാരോടൊപ്പം സ്കൂൾ അങ്കണത്തിലേക്ക് തിരികെ പോകാൻ വെമ്പുന്ന വിദ്യാർത്ഥിയുടെ അനുഭവ കഥ പറഞ്ഞ് അധ്യാപകർ തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കിളിക്കൂട് എന്ന പേരിൽ തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായിരുന്ന അനിൽ ബാലകൃഷ്ണൻ രചനയും അഭിലാഷ് രഘുഭദ്ര സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് സ്കൂൾ തുറക്കലിൻ്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്നത്.

തുമ്പികളെ പോലെ തങ്ങൾ പാറിപ്പറന്നു നടന്നിരുന്ന കലാലയങ്ങളിൽ നിന്നും വീടുകൾക്കുള്ളിലെ കൂടുകളിലേക്ക് കോവിഡിൻ്റെ പശ്ഛാത്തലത്തിൽ അടക്കയ്ക്കപ്പെട്ടു പോയ കുരുന്നു മനസ്സുകളുടെ വേദനയും ആശങ്കകളും പ്രേക്ഷകരിലേക്ക് പകർന്നു നൽകുന്നതാണ് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം.

അധ്യാപകർ തന്നെയാണ് ചിത്രത്തിൻ്റെ പിന്നണിയിൽ. നാലാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ധീരജാണ് കേന്ദകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അധ്യാപകരായ സബന ജയേഷ്, അനിൽ ബാലകൃഷ്ണ, ശൂരനാട് രാജേന്ദ്രൻ, ജിഷ്ണുരാജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മാതാപിതാക്കൾക്കു മുന്നിൽ വാശി പിടിച്ച് അടഞ്ഞുകിടക്കുന്ന തൻ്റെ സ്കൂൾ മുറ്റത്തേക്ക് എത്തുന്ന വിദ്യാർത്ഥിയുടെ മനസിലേക്ക് ആരവങ്ങൾ നിറഞ്ഞ സ്കൂൾ അന്തരീക്ഷവും കൂട്ടുകാരും അധ്യാപകരുമെല്ലാം കടന്നു വരുമ്പോൾ അത് കുഞ്ഞുമനസുകളുടെയെല്ലാം മനസിൻ്റെ നേർക്കാഴ്ചയായി മാറുകയാണ്.

സ്കൂൾ മുറ്റത്തെ മരത്തണലിലിരുന്ന് വൈകാതെ ഈ സ്കൂൾ മുറ്റത്ത് പ്രതീക്ഷയുടെ മണിനാദം ഉയരുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ചിത്രം അവസാനിക്കുന്നത്. ആദ്യ ദിനങ്ങളിൽ തന്നെ ആയിരങ്ങൾ ചിത്രം കണ്ടു കഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഷോർട് ഫിലിമിൻ്റെ പ്രകാശനം നിർവ്വഹിച്ചത്. ഗാനങ്ങൾ ശൂരനാട് രാജേന്ദ്രനുംസംഗീതം ബാബു നാരായണനും ആലാപനം വിഷ്ണുനമ്പൂതിരിയും നിർവ്വഹിച്ചിരിക്കുന്നു.ഛായാഗ്രഹണം ഗിരീഷ് മൈനാഗപ്പള്ളിയും ശീർഷകം അനി വരവിളയുംപശ്ചാത്തല സംഗീതം ഡോ. റിജോ സൈമൺ തോമസും നിർവ്വഹിച്ചിരിക്കുന്നു.

ചിത്രം: കിളിക്കൂട് എന്ന ഹ്രസ്വചിത്രത്തിൽ നിന്നും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !