കരുനാഗപ്പള്ളി : വ്യവസായങ്ങളില്‍ നിന്നുള്ള മാലിന്യം പരമാവധി കുറയ്ക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡം സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചവറ കെ.എം.എം.എല്‍. ഫാക്ടറിയില്‍ സ്ഥാപിച്ച ഹോട്ട് ബാഗ് ഫില്‍ട്ടര്‍ സംവിധാനം, ദ്രവീകൃത ഓക്‌സിജന്‍ ഉദ്പാദന ശേഷി വര്‍ധനാ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലാഭത്തിന് ഉപരിയായി ജനോപകാരപ്രദമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്.
ചിലവ് കുറച്ച് ഉദ്പാദനം സാധ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇവിടുത്തെ ജീവനക്കാര്‍ മാതൃകയാണ്. എന്നാല്‍ മിന്നല്‍ പണിമുടക്ക് പോല കമ്പനിക്ക് നഷ്ടം വരുത്തുന്ന സമര രീതികള്‍ അംഗീകരിക്കാനാകില്ല. ഒറ്റ ദിവസം 70 ലക്ഷത്തോളം രൂപ നഷ്ടമുണ്ടാക്കുന്ന പണിമുടക്ക് നടത്തുന്നത് അച്ചടക്കലംഘനാമായി തന്നെ കണക്കാക്കും.
കമ്പനിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും. പക്ഷെ വില നിശ്ചിയിക്കുന്നത് യാഥാര്‍ത്ഥ്യബോധത്തോടെ ആകണം. ലാപ്പ തൊഴിലാളികള്‍ക്ക് തൊഴില്‍ദിനങ്ങള്‍ കൂട്ടുന്നതും പരിഗണനയിലാണ്. വ്യവസായ മേഖലയുമായ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി., കെ. സോമപ്രസാദ് എം.പി., പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, കമ്പനി എം. ഡി. ജെ. ചന്ദ്രബോസ്, ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.