കരുനാഗപ്പള്ളിയിലെ 4 സ്കൂളുകളിൽ കൂടി കുട്ടിപ്പോലീസ് സംഘം പ്രവർത്തനം തുടങ്ങി…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സബ് ജില്ലയിലെ നാലു സ്‌കൂളുകളിൽ കൂടി കുട്ടിപ്പോലീസ് സംഘത്തിൻ്റെ പ്രവർത്തനം തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. നിയമാവബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുക, വിദ്യാർത്ഥികളിൽ പൗരബോധവും സമത്വബോധവും നേതൃശേഷിയും വളർത്തിയെടുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് സ്‌കൂളുകളിൽ എസ്.പി.സി. യൂണിറ്റുകൾ തുടങ്ങുന്നത്.

മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയതായി 4 സ്കൂളുകൾക്ക് എസ്.പി.സി. യൂണിറ്റ് അനുവദിച്ചത്. കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ്, തഴവ ബി.ജെ.എസ്.എം., മഠത്തിൽ വി.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളിലാണ് കുട്ടിപ്പോലീസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.

കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായിരിക്കും ഓരോസ്‌കൂളിലെയും എസ്പിസി യൂണിറ്റിന്റെ ചുമതല. ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ പോലീസിനൊപ്പം പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കുട്ടിപ്പോലീസ് സംഘത്തിൻ്റെ പ്രവർത്തനം.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻ്ററി ആൻ്റ് ഗേൾസ് ഹൈസ്ക്കൂളിൽ നടന്ന സ്കൂൾ തല ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി. നിർവ്വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. അധ്യക്ഷനായി. കരുനാഗപ്പള്ളി എ.സി.പി. ഷൈനുതോമസ് പദ്ധതി വിശദീകരിച്ചു.

നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എൽ ശ്രീലത, ഡോ. പി. മീന, പ്രിൻസിപ്പൽ ബി. ഉഷ, ഹെഡ്മാസ്റ്റർമാരായ മേരി ടി. അലക്സ്, കെ. ശ്രീകുമാർ, അനിൽ ആർ. പാലവിള എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ വി. രാജൻപിള്ള സ്വാഗതവും മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ നന്ദിയും പറഞ്ഞു.

ചിത്രം: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി.സി. യൂണിറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ചു ചേർന്ന യോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !