അമ്മയുടെ ഓർമ്മയ്ക്കായി കൃപ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി…

കരുനാഗപ്പള്ളി : കോവിഡ് മഹാമാരിയെ യഥാർത്ഥത്തിൽ പൊരുതി തോൽപ്പിച്ച് മിന്നുന്ന വിജയം കരസ്ഥമാക്കിയ കൃപയെത്തിയത് അമ്മ ഏറെ സ്നേഹിച്ചിരുന്ന അമ്മയുടെ സ്കൂളിലേക്ക്. ഓൺലൈൻ പഠനത്തിന് ആ സ്കൂളിലെ കുട്ടികൾക്ക് നൽകാൻ പുതിയ മൊബൈൽ ഫോണുകളും കൈയ്യിൽ കരുതിയിരുന്നു.

കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിൽ അധ്യാപികയായിരിക്കെ അകാലത്തിൽ മരണമടഞ്ഞ സ്വാഹാദേവി ടീച്ചറുടെ ഓർമ്മയ്ക്കായാണ് മകൾ കൃപ സ്കൂളിലെത്തി മൊബൈൽ ഫോണുകൾ കൈമാറിയത്. മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും എസ്.എസ്.എൽ.സി. പരീക്ഷയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മിന്നുന്ന വിജയം നേടിയ കൃപയ്ക്ക് പരീക്ഷ തുടങ്ങി മൂന്നാം നാൾ കോവിഡ് ബാധിച്ചിരുന്നു. പിന്നീട് രോഗാവസ്ഥയുടെ വല്ലായ്മകൾ വല്ലാതെ ശരീരത്തെയും മനസിനെയും വരിഞ്ഞുമുറുക്കിയതോടെ നിശ്ഛയദാർഢ്യത്തോടെ പരീക്ഷയെ നേരിടാൻ കൃപ തീരുമാനിക്കുകയായിരുന്നു. പ്രത്യേക വാഹനത്തിൽ സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷാ ഹാളിലെത്തിയ കൃപ അസ്വസ്ഥതകളെല്ലാം വകഞ്ഞു മാറ്റി പി.പി.ഇ. കിറ്റുകൾക്കുള്ളിലും വിജയം വിജയമുറപ്പിക്കാൻ ദൃഢനിശ്ച്ചയം ചെയ്യുകയായിരുന്നു.

അമ്മ മരണപ്പെടുമ്പോൾ ക്യപ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.അമ്മയുടെ വിയോഗം വല്ലാതെ തളർത്തിയെങ്കിലും പിന്നീട് ബന്ധുവീടുകളിൽ നിന്നായിരുന്നു പഠനം. മികച്ച അധ്യാപികയെന്ന് പേരുകേട്ട അമ്മയുടെ ആഗഹം സഫലമാക്കാൻ പഠനത്തിൽ കഠിന പ്രയത്നം നടത്തുകയായിരുന്നു കൃപ.ഒടുവിൽ അമ്മയുടെ ആഗ്രഹം പോലെ മകൾ നാടിൻ്റെ അഭിമാനമായ വിജയം നേടിയതിനൊപ്പം അമ്മയുടെ സ്കൂളിലേക്ക് മൊബൈലുകളും വാങ്ങി നൽകുകയായിരുന്നു.

സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. എസ്.എം.സി. ചെയർപേഴ്സൺ ആർ.കെ. ദീപ അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഡോ. പി മീന മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ആർ ശോഭ സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡൻ്റ് ബി എ ബ്രിജിത്ത്, എം. സുരേഷ്കുമാർ, കെ.എൻ. ആനന്ദൻ, കെ. രാജീവ്, സീനിയർ അസിസ്റ്റൻ്റ് എസ്. സേതുലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഇതുൾപ്പടെ 15 ഓളം മൊബൈലുകൾ യു.പി.ജി. സ്കൂളിൽ നിന്നും കുട്ടികൾക്കായി വിതരണം ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !