കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ സിവിൽ സർവീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനു വേണ്ടി ഒരു ബൃഹത്തായ പരിശീലന പ്രോത്സാഹന പദ്ധതിയ്ക്ക് തുടക്കമാവുകയാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ. അറിയിച്ചു.
അഞ്ചു വർഷക്കാലവും നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കഴിവും ഇച്ഛാശക്തിയുമുള്ള വിദ്യാർത്ഥികൾക്ക് മാർഗ നിർദേശവും പരിശീലനവും നൽകി ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കരുനാഗപ്പള്ളി നിയോജകമണ്ഡലം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൃപ്തികരമായ നിലയിലാണെന്ന് മാത്രമല്ല, ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്ഥലവും കൂടിയാണ്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എസ്.എസ്.എൽ.സി. പരീക്ഷാ ഫലം തന്നെ പരിശോധിച്ചാൽ 100 ശതമാനം വിജയം നേടിയ 6 സ്‌കൂളുകൾ മണ്ഡലത്തിൽ ഉണ്ട് എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയും സിവിൽ സർവീസ് അടക്കമുള്ള സുപ്രധാന സ്ഥാനങ്ങളിലും നമ്മുടെ മണ്ഡലത്തിന് കാര്യമായ നേട്ടമുണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് സ്മാർട്ട് കരുനാഗപ്പള്ളി (SMART-K) പദ്ധതിയെ കുറിച്ച് ചിന്തിച്ചത്. എട്ടാം ക്ളാസുമുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ ഉള്ള വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയിൽ ചേരുവാനുള്ള അവസരം ഒരുക്കുന്നത്. അതത് സ്‌കൂളുകളിലെ പ്രിൻസിപ്പാൾ/പ്രഥമാധ്യാപകർ മുഖേനയാണ് ഈ പരിപാടിയിൽ പങ്കെടുക്കാവുന്നത്.
ആദ്യഘട്ടമായി സിവിൽ സർവീസിനെക്കുറിച്ചുള്ള പ്രാഥമികമായ ഓറിയെന്റേഷനുകളും തയ്യാറെടുപ്പുകളും ഉൾപ്പെടുന്ന ഒരു മോഡ്യൂളും, പിന്നീട് 76 ആഴ്ച നീണ്ടു നിൽക്കുന്ന പ്രാഥമിക പരിശീലനവുമാണ് രണ്ടാം ഘട്ടമായി നല്കാൻ ഉദ്ദേശിക്കുന്നത്.
കോവിഡ് നിയന്ത്രങ്ങൾ ഉള്ളതിനാൽ ഓൺലൈനായി ആരംഭിക്കുന്ന ഈ പരിശീലന പരിപാടി പിന്നീട് ഓഫ്‌ലൈൻ ആക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എൽ.എ. അറിയിച്ചു.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പ്രശസ്തരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരും മാനേജ്‍മെന്റ് വിദഗ്ധരും ആയിരിക്കും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുക.
പ്രശസ്ത സിവിൽ സർവീസ് പരിശീലന കേന്ദ്രമായ LEARN STROKE സി.ഇ.ഓ. അർജുൻ ആർ. ശങ്കർ നേതൃത്വം നൽകുന്ന ഈ പരിശീലന പരിപാടിയുടെ ഏകോപന ചുമതല നിർവഹിക്കുന്നത് ശ്രീ.ഉണ്ണികൃഷ്ണൻ കുശസ്ഥലി ആയിരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. താല്പര്യമുള്ള കുട്ടികൾക്ക് അതത് സ്‌കൂളുകളുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ 9747597425