ഗാന്ധി ഭവൻ കലാപുരസ്കാരം…. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയ്ക്ക് ലഭിച്ചു…

കരുനാഗപ്പള്ളി : കലാ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പത്തനാപുരം ഗാന്ധി ഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ഗാന്ധി ഭവൻ കലാപുരസ്കാരം ശ്രീ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടിയ്ക്ക് ലഭിച്ചു. ചലച്ചിത്ര സംവിധായകൻ സിബി മലയിൽ പുരസ്കാരം നൽകി.

കരുനാഗപ്പള്ളി യു.പി.ജി.എസ്. സ്കൂളിലെ അദ്ധ്യാപകനായിരുന്ന ഇദ്ധേഹം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കൊല്ലം അശ്വതീഭാവന എന്ന നാടക ട്രൂപ്പ് നാടകമേഖലയ്ക്ക് ഉണർവേകിക്കൊണ്ട് ജനഹൃദയങ്ങളിൽ ഇടംനേടി ഇന്നും മുന്നോട്ട് പോകുന്നു. കൊല്ലം അശ്വതീഭാവനയുടെ 35 ലധികം നാടകങ്ങളും ജനശ്രദ്ധ നേടിയവയായിരുന്നു.

1976 കാലഘട്ടത്തിൽ ഇദ്ധേഹത്തിൻ്റെ കരുനാഗപ്പള്ളി തിയേറ്റേഴ്സ് അവതരിപ്പിച്ച കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നാടകമാണ് -കാലുഷ്യം-. ഓച്ചിറ വേലുക്കുട്ടിയുടെ -കരുണ- നാടകത്തിൽ ചെട്ടിയാരുടെ വേഷം ചെയ്ത ഓച്ചിറ ശംകരൻ കുട്ടി ഭാഗവതരും കുഴിത്തുറ ഗോപാലകൃഷ്ണനും ഈ നാടകത്തിൽ അഭിനയിച്ചു. ആദിനാട് ശശിയുടെ അരങ്ങേറ്റ നാടകമായിരുന്നു ഈ നാടകം.

കരുനാഗപ്പള്ളി നാടകശാല- യ്ക്ക് രൂപം കൊടുത്ത് മുന്നോട്ട് പോകുന്ന ഇദ്ദേഹം ഒരു സിനിമയും കൂടി ചെയ്യണമെന്ന ആഗ്രഹവുമായി, ഈ കൊറോണക്കാലത്ത് നാടകമില്ലാതെ ദുരിതമനുഭവിക്കുന്ന നാടക കലാകാരമാരെ കൈകോർത്ത് ഒരു സിനിമയും ചെയ്യുകയുണ്ടായി. കരുനാഗപ്പള്ളിയിൽ തന്നെ ചിത്രീകരിച്ച -ഇടത് വലത് തിരിഞ്ഞ് – എന്ന ചെറിയൊരു സിനിമ ആദ്യ 15 ദിവസത്തിനുള്ളിൽ തന്നെ പ്രതീക്ഷിച്ചതിൽ കൂടുതൽ മലയാളികൾ കണ്ട് പ്രാത്സാഹിപ്പിച്ചതിനെ തുടർന്ന് അടുത്ത സിനിമ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ അദ്ധ്യാപകൻ.

1978-ൽ സംസ്ഥാന ഗവണ്മെൻ്റിൻ്റെ നാടക മൽസരത്തിൽ രചനക്ക് -ബ്രാഹ്മമുഹൂർത്തം- എന്ന നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2000 ലെ ഫ്രീഡം ഫൈറ്റേഴ്സ് അവാർഡ് മുൻ ഭക്ഷ്യമന്ത്രി ഈ ചന്ദ്രശേഖരൻ നായർ നൽകി ആദരിച്ചിരുന്നു.

2007 ൽ തിക്കുറിശ്ശി ഫൗണ്ടേഷൻ്റെ നാടക പ്രതിഭക്കുള്ള അവാർഡ് ലഭിച്ചിരുന്നു. മന്ത്രി സുധാകരൻ ആയിരുന്നു അന്ന് അവാർഡ്‌ നൽകി ആദരിച്ചത്.
-മൊയ്തുക്കയും നന്മയുടെ പൂക്കളും- എന്ന മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള ഒറ്റയാൾ നാടകം കേരളത്തിലാകമാനം നടത്തിയതിന് ഋഷിരാജ് സിംഗ് അവാർഡ് ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

2017 ലെ ഗുരുവായൂർ CCC അവാർഡ് നാടകരചനയ്ക്ക് ലഭിച്ചിരുന്നു.

2021-ൽ ഗാന്ധിഭവൻ്റെ മന്നാ നാരായണൻ അവാർഡ് കേരള ചീഫ് ഇലക്ട്രൽ ഓഫീസർ .ടി ക്കാറാം മീണ സമ്മാനിച്ചിരുന്നു.

കൂടാതെ നാടകരചനക്ക് 50 – ഓളം സംഘടനകളുടെ അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളിയിലെ പ്രതിഭകളെ ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു ബുള്ളറ്റിനും ഇദ്ദേഹം പ്രസിദ്ധീകരിക്കുന്നുണ്ട്.

നാടക പ്രവർത്തനം കൂടാതെ തനിക്ക് കിട്ടുന്ന പെൻഷൻ തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വെയ്ക്കുന്ന ഒരു മനുഷ്യ സ്നേഹികൂടിയാണ് ഇദ്ദേഹം. ഈ കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തന്റെ നാടക വാഹനത്തിൽ ഭക്ഷ്യ കിറ്റുകളുമായ കൊല്ലം മുഴുവൻ സഞ്ചരിക്കുന്ന കാഴ്ചയും നമ്മൾ കാണുകയുണ്ടായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !