കെ.എസ്.ഇ.ബി. യുടെ ചാർജിങ് സ്റ്റേഷൻ കരുനാഗപ്പള്ളിയിൽ….

കരുനാഗപ്പള്ളി : ഇലക്ട്രോണിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി. യുടെ ഇലക്ട്രോണിക് ചാർജിങ് സ്റ്റേഷൻ കരുനാഗപ്പള്ളിയിൽ തയ്യാറാവുന്നു.

പ്രത്യേക നടത്തിപ്പുകാർ ഇല്ലാതെ 24 മണിക്കൂറും തുറന്നിരിക്കുന്ന ഇവി സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി. യുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. കരുനാഗപ്പള്ളി സൗത്ത് സെക്ഷൻ ഓഫീസിനോട് ചേർന്ന് വക സ്ഥലത്ത് സ്റ്റേഷൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.

ഇതോടൊപ്പം 26 സ്റ്റേഷനുകൾ കൂടി സംസ്ഥാനത്താകെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കൊല്ലം ജില്ലയിലെ ഓലയിൽ ഇത്തരത്തിൽ ഒരു ഇവി സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നുണ്ട്. കരുനാഗപ്പള്ളിയ്ക്കൊപ്പം കൊട്ടാരക്കരയിലും സ്റ്റേഷൻ ആരംഭിക്കുന്നുണ്ട്. ചവറ പന്മന ഭാഗത്തും സ്റ്റേഷൻ ആരംഭിക്കാൻ പദ്ധതിയുണ്ട്.

കരുനാഗപ്പള്ളി പുതിയകാവിലെ നോർത്ത് സെക്ഷൻ ഓഫീസിനോടനുബന്ധിച്ചും സ്റ്റേഷൻ തുടങ്ങാൻ ആലോചനയുണ്ട്. വിവിധതരം ഇലക്ട്രോണിക് വാഹനങ്ങൾക്കായി മൂന്നുതരം ചാർജിങ് യൂണിറ്റുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾക്ക് വേണ്ടി 60 കിലോവാട്ട് ശേഷിയുള്ള ഒരു യൂണിറ്റും ഫോർ വീലറുകൾ ഉൾപ്പെടെയുള്ള ഇടത്തരം വാഹനങ്ങൾക്കായി 20 കിലോവാട്ട് ശേഷിയുള്ള ഒരു യൂണിറ്റും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കായി 10 കിലോവാട്ട് ശേഷിയുള്ള യൂണിറ്റും എന്ന നിലയ്ക്കാണ് ചാർജിങ് സ്റ്റേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനു് പ്രത്യേക ജീവനക്കാരുടെ ആവശ്യമില്ലാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

പ്രത്യേക പ്രീ – പെയ്ഡ് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് ആവശ്യത്തിന് ചാർജ് ചെയ്യാൻ കഴിയുന്നതാണ് ഈ ആപ്ലിക്കേഷൻ. ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താവിന് സംസ്ഥാനത്തെ എവിടെയുമുള്ള കെ.എസ്.ഇ.ബി. സ്റ്റേഷനുകളിൽ നിന്നും ഇന്ധനം നിറയ്ക്കാൻ കഴിയും. ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന തുക തീരുന്ന മുറയ്ക്ക് മൊബൈൽ റീചാർജ് ചെയ്യുന്നതുപോലെ വീണ്ടും റീചാർജ് ചെയ്ത് ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.

കെ.എസ്.ഇ.ബി.യുടെ ഈ നൂതന പദ്ധതി പ്രകാരം പ്രത്യേക വരുമാനവും ബോർഡ് ലക്ഷ്യമിടുന്നു. ദേശീയ തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി ഇലക്ടോണിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രകാരമാണ് കെ.എസ്.ഇ.ബി. നോഡൽ ഏജൻസിയായി പദ്ധതി നടപ്പാക്കുന്നത്.

ചിത്രം: കരുനാഗപ്പള്ളിയിൽ നിർമ്മാണം പൂർത്തിയാകുന്ന ഇലക്ട്രോണിക് ചാർജിംഗ് സ്റ്റേഷൻ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !