ജില്ലയിലെ ആദ്യ പുരപ്പുറ സൗരോർജ്ജ പദ്ധതി സമർപ്പിച്ചു….

കരുനാഗപ്പള്ളി : പുരപ്പുറത്ത് സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ സോളാർ പ്ലാൻ്റിൻ്റെ സമർപ്പണം കരുനാഗപ്പള്ളിയിൽ നടന്നു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സൗര പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായി കൊല്ലം ജില്ലയിൽ, കരുനാഗപ്പള്ളി, തൊടിയൂർ, ശ്രീബുദ്ധ സെൻട്രൽ സ്കൂളിൻ്റെ റൂഫിൽ പൂർണ്ണമായും കെ.എസ്.ഇ.ബി. യുടെ മുതൽ മുടക്കിൽ സ്ഥാപിച്ച പദ്ധതിയാണ് നാടിനു സമർപ്പിച്ചത്. സൗരോർജ നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മം സി.ആർ.മഹേഷ് എം.എൽ.എ. നിർവ്വഹിച്ചു.

കേരള സർക്കാരിന്റെ പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പ് സ്ഥാപനമായ ഇൻകൽ ലിമിറ്റഡ് നിർമ്മിച്ച 50 കിലോവാട്ട് റൂഫ് ടോപ്പ് സോളാർ പ്ലാന്റ് ആണ് ഉദ്ഘാടനം ചെയ്തത്. കൊല്ലം ജില്ലയിൽ സൗര പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ഹൈ കപ്പാസിറ്റി പ്ലാൻ്റാണിത്. ഇരുപത്തി ഒന്നര ലക്ഷം രൂപ പദ്ധതിച്ചെലവിൽ നിർമ്മിച്ച ഈ സൗരോർജ്ജ നിലയത്തിൽ നിന്നും പ്രതിവർഷം ശരാശരി 60,000 യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാൻ സാധിക്കും. ഇതിന്റെ 10 ശതമാനം വൈദ്യുതി സ്കൂളിന് സൗജന്യമായി ലഭിക്കും.

തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, കെ.എസ്.ഇ.ബി. കൊല്ലം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ബി. പ്രദീപ്, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ എൻ. നാഗരാജൻ, ജെ. മധുലാൽ , ശ്രീബുദ്ധ ട്രസ്റ്റ് സെക്രട്ടറി യതീഷ്, പ്രിൻസിപ്പൽ ഷൈന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഒരു കിലോ വാട്ട് സോളാർ പാനൽ സ്ഥാപിക്കാൻ 100 ചതുരശ്ര അടി മേൽക്കൂര മാത്രം മതിയാകും. ഇത്തരത്തിൽ എത്ര ചതുരശ്ര അടിയിലും സോളാർ പാനൽ സ്ഥാപിക്കാൻ കഴിയും.

ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ച് വ്യത്യസ്ത പ്ലാനുകളും കെ.എസ്.ഇ.ബി. അവതരിപ്പിക്കുന്നുണ്ട്. ഒന്നാം ഘട്ടത്തിൽ ഇത്തരത്തിലുള്ള മൂന്ന് മോഡലുകളാണുള്ളത്.
സംസ്ഥാനത്ത് തന്നെ മികച്ച പ്രതികരണമാണ് പുരപ്പുറ സൗര പദ്ധതിയ്ക്ക് ലഭിക്കുന്നതെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !