കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ പലയിടത്തും കുടിവെള്ള ക്ഷാമം അതിരൂക്ഷം…. മാർച്ചും ധർണയും…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ആലുംകടവ് പമ്പ് ഹൗസിന്റെ മുൻപിലേക്ക് പ്രതിഷേധ മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി ശ്രീ. തൊടിയൂർ രാമചന്ദ്രൻ യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് പുതിയതായി സ്ഥാപിച്ച റ്റൂവെല്ലിന് എൽ.കെ. ശ്രീദേവി റീത്ത് സമർപ്പിച്ചു.

കരുനാഗപ്പള്ളി നഗരസഭ പരിധിയിലെ മിക്ക ഡിവിഷനുകളിലും പൈപ്പ് ലൈൻ വഴിയുള്ള ശുദ്ധജലം കിട്ടാത്ത അവസ്ഥയിലാണ്. ടാങ്കറിൽ എത്തുന്ന ശുദ്ധജല ആശയിക്കണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. നൂറു കണക്കിനു കുടുംബങ്ങളുള്ള ഓരോ ഡിവിഷനുകളിലെയും എല്ലാ ഭാഗത്തേക്കും ടാങ്കറുകളിൽ ശുദ്ധജലം ആവശ്യത്തിന് എത്തുന്നില്ല. 21, 22, 23, 24, 35 ഡിവിഷനുകളിൽ വളരെ നാളുകളായി പൈപ്പ് ലൈൻ വഴി ശുദ്ധജലം കിട്ടാത്ത അവസ്ഥയാണുള്ളത് . ഇപ്പോൾ മറ്റ് നിരവധി ഡിവിഷനുകളിലും പൈപ്പ് ലൈൻ വഴി വെള്ളം കിട്ടാത്ത അവസ്ഥയിലായി.

ഹൈസ്ക്കൂൾ ജംഗ്ഷൻ – ആലൂംകടവ് റോഡിലെ കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്തേക്കുള്ള പമ്പിങ് നിർത്തി വച്ചിരിക്കുകയാണെന്നു പറയുന്നു. ഈ ഭാഗത്ത് ലൈൻ പൂട്ടിയിരിക്കുന്നതിനാൽ ഓച്ചിറ ശുദ്ധജല പദ്ധതിയിൽ നിന്നുള്ള ശുദ്ധജലം ലഭിക്കുന്നില്ല. ഇതേപ്പറ്റി വാട്ടർ അതോറിറ്റിയിൽ നിന്നും വ്യക്തതയും ലഭിച്ചിട്ടില്ല.

വളരെ നേരത്തെ മുതൽ തന്നെ തീരദേശ വാർഡുകളിൽ ഓച്ചിറ ശുദ്ധജല പദ്ധതിയിൽ നിന്നും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയിലായിരുന്നു. കായിക്കര കടവിൽ പുതിയ കുഴൽ കിണറിൽ നിന്നുള്ള പമ്പിങ് ആരംഭിച്ചെങ്കിലും എല്ലാ ഭാഗങ്ങളിലേക്കും ഇതിൽ നിന്നുള്ള വെള്ളം എത്താത്ത അവസ്ഥയിലാണ്. കുഴൽക്കിണറുകളുടെ അപാകതകൾ പരിഹരിച്ച് പമ്പിങ് ആരംഭിക്കുമെന്നു അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒരു നടപടികളും ഉണ്ടായില്ല.

എവിടെയെങ്കിലും ജലവിതരണത്തിൽ തടസങ്ങൾ ഉണ്ടായാൽ അതിനു ബദൽ സംവിധാനങ്ങൾ ഒരുക്കാതെ വാട്ടർ താതോറിറ്റി അധികൃതർ നിഷ്ക്രിയ അവസ്ഥയിലാണെന്ന ആരോപണം ശക്തമാണ്. ശുദ്ധ ജലത്തിനായി ജനം നെട്ടോട്ടം ഓടുമ്പോൾ ടാങ്കിലെ ജലം എത്തിക്കാനും വാർഡ് കൗൺസിലർമാർ നെട്ടോട്ടം ഓടുകയാണ്. പൈപ്പ് ലൈൻ വഴിയുള്ള ജല വിതരണത്തിലെ അപാകതകൾ പരിഹരിച്ച് വിതരണം സുഗമമാക്കിയെങ്കിൽ മാത്രമെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകും.

കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് ആലുംകടവിൽ നടന്ന പ്രതിഷേധ മാർച്ചിനും പ്രതിഷേധ യോഗത്തിനും നഗരസഭ കൗൺസിലന്മാരായ ശ്രീ അഡ്വ.ടി.പി. സലിംകുമാർ, ശ്രീ സിംലാൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ആർ. ദേവരാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.എസ്. ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 9 മണിക്ക് മൂന്നാംമൂട് ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പൊതുപ്രവർത്തകർ ഉൾപ്പെടെ കുടിവെള്ള ദുരിതമനുഭവിക്കുന്ന നിരവധിപേർ പ്രതിഷേധ മാർച്ചിലും യോഗത്തിലും പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !