കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ വികസന മാതൃക പഠിക്കാൻ സംഘമെത്തി….

കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ കാർഷിക വികസന മാതൃക പഠിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമടങ്ങിയ സംഘമെത്തി. കിലയുടെ നേതൃത്വത്തിൽ എൻ ഐ ആർ ഡി യുമായി ബന്ധപ്പെട്ട ഓഫ് ക്യാമ്പസ് പരിശീലനപരിപാടിയുടെ ഫീൽഡ് തല സന്ദർശനത്തിന് കുലശേഖരപുരം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് സംഘമെത്തിയത്.
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ ധനവിനിയോഗം മനസ്സിലാക്കുന്നതിനും നൂതന പ്രവർത്തനങ്ങളിലൂടെ ധനസമാഹരണം ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുന്ന തരത്തിൽ ഇടപെടുന്നതിനു പ്രാപ്തമാക്കുന്ന തരത്തിൽ ഒരു ഓഫ് ക്യാമ്പസ് പരിശീലന പരിപാടിയുടെ ഭാഗമായാണ് സന്ദർശനം.കിലയുടെ കൊട്ടാരക്കരയിലുള്ള മാനവവിഭവ ശേഷി വികസന കേന്ദ്രവും ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റുമാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ എത്തിയ സംഘത്തെ നയിച്ചത്. പഞ്ചായത്തിലെ വികസന മാതൃക ,തനത് വരുമാനം സ്വരൂപിക്കുന്നതിനും ആസ്തി നിർമ്മാണത്തിലും സ്വീകരിച്ച സമീപനം എന്നീ കാര്യങ്ങൾ സംഘം നേരിട്ട് മനസിലാക്കി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലേഖ കൃഷ്ണകുമാർ, സെക്രട്ടറി മനോജ്, കൃഷി ഓഫീസർ വി ആർ ബിനീഷ്, വൈസ് പ്രസിഡണ്ട് ഡി രാജൻ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുമൈലത്ത് ബീവി പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് ജീവനക്കാർ എന്നിവരുമായി സംഘം ചർച്ച നടത്തി. പഞ്ചായത്തിലെ ജൈവ കാർഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ ഭാഗങ്ങളിൽ സന്ദർശനവും നടത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !