കരുനാഗപ്പള്ളി : തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ കുമാരനാശാൻ പുരസ്കാരം കവിയും ഗാന രചയിതാവുമായ പി.കെ.ഗോപിയുടെ കവിതാ സമാഹാരത്തിന് ലഭിച്ചു.10000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
ജൂറി അംഗങ്ങളായ ഏഴാച്ചേരി രാമചന്ദ്രൻ ,ചവറ കെ എസ് പിള്ള, ഡോ. സി.ഉണ്ണികൃഷ്ണൻ എന്നിവരാണ് മനുഷ്യേശ്വരം എന്ന കൃതി തെരഞ്ഞെടുത്തത്. കുമാരനാശാന്റെ ജന്മദിനമായ ഏപ്രിൽ 12 ന് നടക്കുന്ന ചടങ്ങിൽ വച്ച് ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി പുരസ്കാരം സമ്മാനിക്കും. ഗ്രന്ഥശാലാ രജതജൂബിലി സുവനീർ പ്രകാശനം, അതിജീവനം ആരോഗ്യ പദ്ധതി ഉദ്ഘാടനം, പരേതരായ സ്ഥാപക അംഗങ്ങളുടെ ഛായാചിത്ര അനാച്ഛാദനം, ആസാദ് ആശിർവാദിന്റെ -നേർക്കാഴ്ച- പുസ്തക പ്രകാശനം നൃത്ത നൃത്യങ്ങൾ എന്നിവ അന്നേ ദിവസം ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ഡോ. ജാസ്മിൻ, സെക്രട്ടറി ആൾഡ്രിൻ റ്റി.എം, ജോയിൻ സെക്രട്ടറി ഇന്ദുലേഖ, എം.സുഗതൻ എന്നിവർ പങ്കെടുത്തു.