സാംസ്കാരിക സന്ധ്യയും പുസ്തക പ്രകാശനവും ചൊവ്വാഴ്ച നടക്കും….

കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സന്ധ്യയും പുസ്തക പ്രകാശനവും മേയ് 3 ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5 ന് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ ജീവതാളം വേദിയിലാണ് സംഘടിപ്പിക്കുന്നത്.

സാംസ്കാരിക സമ്മേളനം, പുസ്തക പ്രകാശനം, സാന്‍ഡ് ആര്‍ട്ട് ഷോ (മണല്‍ ചിത്ര പ്രദര്‍ശനം) അലോഷിയുടെ ഗസല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വി വിമല്‍റോയ് എഴുതിയ സൈന്ധവ ബുക്സ് പ്രസിദ്ധീകരിക്കുന്ന -ഹൃദയം തൊട്ട മൂന്നാർ- എന്ന പുസ്തകത്തിന്‍റെ പ്രകാശനം മുൻ മന്ത്രി എം.എം. മണി നിര്‍വ്വഹിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു. പുസ്തകം ഏറ്റുവാങ്ങും. സി ആർ മഹേഷ് എം.എൽ.എ. അധ്യക്ഷനാകും. വി.വിജയകുമാർ പുസ്തകം പരിചയപ്പെടുത്തും.

കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, ഫോഗ് റിസോര്‍ട്ട് ആൻ്റ് വൈബ് മൂന്നാര്‍ ജനറല്‍ മാനേജര്‍ ഡോ ജോളി ആന്‍റണി, സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍ അഡ്വ എസ്.വേണുഗോപാല്‍, കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.രൂപേഷ്കുമാര്‍ എഴുത്തുകാരിയും യാത്രികയുമായ ശ്രീപാര്‍വ്വതി തുടങ്ങിയവർ പങ്കെടുക്കും. സാംസ്കാരിക സന്ധ്യയോടനുബന്ധിച്ച് ആര്‍ട്ടിസ്റ്റ് മൂന്നാര്‍ സതീഷ് നേതൃത്വം നല്‍കുന്ന സാന്‍ഡ് ആര്‍ട്ട്ഷോയും (മണല്‍ചിത്ര പ്രദര്‍ശനവും)
സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് അലോഷി ആര്യൻ്റെ ഗസൽ സന്ധ്യയും അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് അഡ്വ. പി.ബി. ശിവന്‍, സെക്രട്ടറി വി.വിജയകുമാർ, വി.പി.ജയപ്രകാശ് മേനോൻ, വി.വിമൽറോയ് എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !