അതിജീവനത്തിന് പെൺവായന പദ്ധതിക്ക് തുടക്കമായി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ -അതിജീവനത്തിൻ്റെ പെൺവായന- പദ്ധതി സമർപ്പണം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. സമ്പൂർണ സ്ത്രീ വായനാസമൂഹം രൂപപ്പെടുത്തുവാൻ കരുനാഗപ്പള്ളി കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് അതിജീവനത്തിന് പെൺവായന. സ്ത്രീകളെ നിരന്തര വായനക്ക് സജ്ജമാക്കുക വഴി അവരുടെ സാംസ്കാരിക നിലവാരം ഉയർത്തുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

ആദ്യഘട്ടത്തിൽ 100 കേന്ദ്രങ്ങളിലായി 1000 സ്ത്രീകൾ പങ്കെടുക്കുന്ന വായനാ മത്സരം സംഘടിപ്പിക്കും. കുടുംബശ്രീ പ്രവർത്തകർ, ഉദ്യേഗസ്ഥകൾ, വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ എന്നിങ്ങനെ നാലുമേഖലകളിലായാണ് മത്സരം നടത്തുക. ആദ്യവായനക്കായി 5 പുസ്തകങ്ങൾ അടങ്ങിയ സഞ്ചി നൽകും. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനകുറിപ്പ് നൽകി കൊണ്ടാണ് രജിസ്ട്രേഷൻ നടത്തുക. തുടർന്ന് പഞ്ചായത്ത്, താലൂക്ക് തലങ്ങളിൽ വായനാ മത്സരങ്ങളും കലാ മത്സരങ്ങളും സംഘടിപ്പിക്കും. പെൺകുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ പ്രത്യേക പദ്ധതി തയ്യാറാക്കും.

പ്രാഥമിക മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വീട്ടിൽ തന്നെ തുടർച്ചയായി പുസ്തകങ്ങൾ ലഭ്യമാക്കാൻ തൊട്ടടുത്തുള്ള ഗ്രന്ഥശാലകളെ സജ്ജമാക്കും. നിയമബോധവൽക്കരണ ക്ലാസുകളും, മാനസിക വെല്ലുവിളി നേരിടാനുള്ള പ്രവർത്തനങ്ങളും അനുബന്ധമായി സംഘടിപ്പിക്കും. രജിസ്റ്റർ ചെയ്യുന്ന സ്ത്രീകൾ ആഗസ്റ്റ് 15 ന് സ്വവസതികളിൽ ഒരു ഫലവൃക്ഷത്തൈ നട്ടുകൊണ്ടായിരിക്കും വായനക്ക് തുടക്കം കുറിക്കുക. പുസ്തക ചർച്ചക്കും സംവാദങ്ങൾക്കുമായി അമ്മമാരുടേയും മക്കളുടേയും ചെറിയ കൂട്ടായ്മകൾക്ക് രൂപം നൽകും. പദ്ധതിയുടെ വിപുലമായ നടത്തിപ്പിനായുള്ള താലൂക്ക്തല, പഞ്ചായത്ത്തല ജാഗ്രതാ സമിതികളുടെ സംഘാടനം പൂർത്തിയായി.

പദ്ധതിയുടെ സമർപ്പണം മന്ത്രി ജെ.ചെഞ്ചുറാണി നിർവ്വഹിച്ചു. എം.എൽ.എ. മാരായ സി.ആർ. മഹേഷ്, ഡോ. സുജിത് വിജയൻ പിള്ള , താലൂക്ക് കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി. ബി. ശിവൻ അധ്യക്ഷനായി. സെക്രട്ടറി വി. വിജയകുമാർ സ്വാഗതം പറഞ്ഞു.

സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്. ശ്രീലത, ഡോ. പി. മീന, കുടുംബശ്രീ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ വി. ആർ അജു, വി.പി. ജയപ്രകാശ് മേനോൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്ഥലം മാറ്റം വാങ്ങി പോകുന്ന താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. സിന്ധുവിന് ചടങ്ങിൽ വച്ച് യാത്രയയപ്പ് നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !