കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് ലൈബ്രറി കൗൺസിൽ….

കരുനാഗപ്പള്ളി : ഹാമാരിക്കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തന മാതൃക സൃഷ്ടിച്ച കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ മൂന്നാം ഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി താലൂക്കിൽ നിന്നും സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത 1400 അക്ഷര സേനാംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളുകളുടെ ശുചീകരണ പ്രവർത്തനം ഉൾപ്പടെ ഏറ്റെടുക്കും.

സ്കൂളുകൾ തുറക്കുന്ന പശ്ഛാത്തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ബോധവൽക്കരണ പരിപാടികൾ അംഗ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. ആരോഗ്യ പ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് തദ്ദേശീയമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഗ്രന്ഥശാലകൾ നേതൃത്വം നൽകും.

മൂന്നാം ഘട്ട പ്രതിരോധപരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു. മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ സന്നദ്ധമനസുകളാണ് മഹാമാരി കാലത്ത് കേരളത്തെ മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ഗ്രന്ഥശാലാ പ്രവർത്തകർ മുഖ്യ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി, തഴവ സി.എച്ച്. സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ദീർഘനാൾ സന്നദ്ധ പ്രവർത്തനം നടത്തിയ രഞ്ജിത്ത്, മനു എസ് കുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി.ബി. ശിവൻ അധ്യക്ഷനായി.സെക്രട്ടറി വി. വിജയകുമാർ സ്വാഗതം പറഞ്ഞു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വി.പി. ജയപ്രകാശ് മേനോൻ, പ്രദീപ്, ഡോ. ജാസ്മിൻ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, പി.കെ. ഗോപാല കൃഷ്ണൻ,പ്രൊഫ കെ.ആർ. നീലകണ്ഠപിള്ള തുടങ്ങിയവർ സംസാരിച്ചു.

കോവിഡിൻ്റെ ഒന്നാം ഘട്ടത്തിൽ
100 ഹാൻഡ് വാഷിംഗ് സെൻററുകളും 100 സാനിട്ടൈസർ കിയോസ്കുകളും പ്രവർത്തിപ്പിച്ചു കൊണ്ടായിരുന്നു താലൂക്ക് ഗ്രന്ഥശാലാ കൗൺസിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് 5000 മാസ്കുകളും 1000 സാനിട്ടൈസറും നിർമ്മിച്ചു നൽകി.
ആരോഗ്യ പ്രവർത്തകർക്ക് 500 എൻ95 മാസ്കുകളും 100 പി.പി. ഇ കിറ്റുകളും നൽകി. തുടർന്ന് താലൂക്കിലുടനീളം 12500 ഭക്ഷ്യ, പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.

പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ചിരുന്നന്ന സാമൂഹിക അടുക്കളകൾക്ക് സഹായമെത്തിച്ചു.
50 ഏക്കറിൽ കരനെൽകൃഷിയും 125 പച്ചക്കറിത്തോട്ടങ്ങളും നിർമിച്ചു. 12 കേന്ദ്രങ്ങളിലായി ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ്, ശുചീകരണ തൊഴിലാളികൾ എന്നിവരെ ആദരിച്ചു.
കരുനാഗപ്പള്ളിയിലെ സി എഫ് എൽ ടി സിയിലേക്ക് വിനോദോപാധികൾ എത്തിച്ചു.

കളക്ടറുടെ പുസ്തക ചലഞ്ചിലേക്ക് 3100 പുസ്തകങ്ങൾ ശേഖരിച്ചു നൽകി. നിരീഷണത്തിൽ കഴിയുന്നവർക്ക് പുസ്തകമെത്തിക്കാൻ 78 പുസ്തകവണ്ടികൾ തയ്യാറാക്കി. ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് 102 ടെലിവിഷൻ സെറ്റുകൾ നല്കി. നവ മാദ്ധ്യമ സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിച്ച്‌ നടത്തിയ ആരോഗ്യ മിഷൻ ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ, കണ്ണൂർ സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ എ സാബു എന്നിവരുടെ സംവാദങ്ങൾ എന്നിവ പതിനായിരങ്ങളാണ് കണ്ടത്. ഓൺലൈൻ സർഗോത്സവങ്ങളും

അടുപ്പണയുന്നോർക്കായി എന്ന പേരിൽ വിശപ്പുരഹിത പദ്ധതി, വാക്സിൻ രജിസ്ട്രേഷനായി 80 ഹെൽപ്പ് ഡസ്കുകൾ, വാക്സിൻ ചലഞ്ചിലേക്ക് 5, 20, 300 രൂപ ശേഖരിച്ച് നൽകൽ എന്നിവയും ഏറ്റെടുത്തതായി ഭാരവാഹികൾ പറഞ്ഞു.

ചിത്രം: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ മൂന്നാം ഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന പ്രസിഡൻ്റ് ഡോ കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു./ പ്രതിരോധ പ്രവർത്തകരെ ആദരിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !