അനുസരണയോടെ കരുനാഗപ്പള്ളി…. നിയന്ത്രണങ്ങൾ ശക്തം….

കരുനാഗപ്പള്ളി : ലോക്ഡൗണിനോട് കരുനാഗപ്പള്ളിയിൽ മികച്ച പ്രതികരണം. ലോക് ഡൗൺ നിയന്ത്രണങ്ങൾ കരുനാഗപ്പള്ളിയിൽ പൂർണമായിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് കർശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

വ്യക്തമായ കാരണങ്ങളില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടുവരെ 62 പേർക്കെതിരെ കേസെടുത്തിരുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 47 പോലീസുകാരെക്കൂടി കരുനാഗപ്പള്ളിയിൽ അധികമായി നിയമിച്ചിട്ടുണ്ട്. പോലീസിനെ സഹായിക്കുന്നതിനായി 37 വോളണ്ടിയർമാരും വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്നു.

ദേശീയപാതയിൽ പുതിയകാവ്, കന്നേറ്റി എന്നിവിടങ്ങളിലും ഇടറോഡുകളിലുമെല്ലാം പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലായിടത്തും പോലീസ് പെട്രോളിങ്ങും ശക്തമാക്കിയിരിക്കുകയാണ് പോലീസിനെ കൂടാതെ, റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വിഭാഗങ്ങളും പരിശോധന നടത്തിവരുന്നു. ക്വാറന്റീൻ ലംഘിക്കുന്നത് കണ്ടെത്താനും പ്രത്യേക പരിശോധനയുണ്ട്.

രാവിലെ മുതൽ നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് വളരെ കുറവായിരുന്നു. താലൂക്കാശുപത്രിക്ക് സമീപം മാത്രമാണ് അവശ്യസാധനങ്ങൾ വിൽക്കുന്നതും മെഡിക്കൽ സ്റ്റോറുകളും ഉൾപ്പടെ കൂടുതൽ കടകൾ തുറന്നിരുന്നത്. മറ്റു സ്ഥലങ്ങളിൽ അപൂർവ്വമായി മാത്രമാണ് കടകൾ തുറന്നത്. ആവശ്യ സർവീസുകളല്ലാത്ത ഓഫീസുകൾ പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി. ബസുകളും സർവീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ നന്നേ കുറവായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !