ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ച ബിൻസിയുടെ വീട് മഹിളാ നേതാക്കൾ സന്ദർശിച്ചു….

കരുനാഗപ്പള്ളി : ഭർത്താവിൻ്റെ കുത്തേറ്റ് മരണപ്പെട്ട ബിൻസിയുടെ വീട്ടിലെത്തിയ മഹിളാ നേതാക്കൾക്കു മുന്നിൽ ബിൻസിയുടെ മാതാവ് വനജ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഭർതൃഗൃഹത്തിൽ ബിൻസി കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പോലീസ് പിടികൂടി റിമാൻ്റ് ചെയ്തിരുന്നു.

അന്നേ ദിവസം രാവിലെ മുതൽ മണികണ്ഠൻ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നെന്നും ബിൻസിയുടെ ബന്ധുക്കൾ ചെന്ന് പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് മകൾക്ക് കുത്തേറ്റ വിവരമറിയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ബിൻസിയുടെ മക്കളായ മഹാദേവൻ, മേഘനാഥൻ എന്നിവരിൽ നിന്നും നേതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കൊലപാതകത്തിനു പിന്നിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. നിയമപരമായതുൾപ്പടെ എല്ലാ സഹായങ്ങളും നേതാക്കൾ വാഗ്ദാനം ചെയ്തു. തുറയിൽകുന്നിലുള്ള ബിൻസിയുടെ നടുവത്ത്ശേരിൽ വീട്ടിലാണ് മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശനം നടത്തിയത്.

സംസ്ഥാന പ്രസിഡൻ്റ് സൂസൻകോടി, അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൊല്ലം മേയറുമായ പ്രസന്ന ഏർണസ്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം രാധാമണി, ജില്ലാ സെക്രട്ടറി സുജാ ചന്ദ്രബാബു, ഗീതാകുമാരി, ഏരിയ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമതിഅധ്യക്ഷയുമായ വസന്താരമേശ്, ഏരിയ പ്രസിഡന്റ്‌ പദ്മകുമാരി, സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി കെ.എസ്. ഷെറഫുദീൻ മുസലിയാർ, ഇന്ദുലേഖ, ബി. രമണിയമ്മ, ബീന, ജിജി, കൊച്ചുകുട്ടൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !