പള്ളിക്കലാറിന്റെ സംരക്ഷകൻ മഞ്ജുക്കുട്ടന് വനമിത്ര പുരസ്കാരം…

കരുനാഗപ്പള്ളി : കായൽനികത്തിയുള്ള വികസനം നാടിനും വരും തലമുറക്കും ദോഷം ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പള്ളിക്കലാറിനെ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ കരുനാഗപ്പള്ളി സ്വദേശി ജി.മഞ്ജുകുട്ടൻ സംസ്ഥാന വനം വകുപ്പിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള 2021-22 ലെ വനമിത്ര പുരസ്കാരത്തിന് അർഹനായി.

കായൽ സംരക്ഷണത്തിനായി ആരംഭിച്ച പള്ളിക്കലാർ സംരക്ഷണ സമിതിയുടെയും സബർമതി ഗ്രന്ഥശാലയുടെയും സെക്രട്ടറിയാണിപ്പോൾ. കായലിന്റെ തീരത്ത് കണ്ടൽ വനവൽക്കരണം, മുളവച്ച് പിടിപ്പിക്കൽ, വൃക്ഷതൈ വിതരണം,വൃക്ഷതൈ നടീൽ തുടങ്ങി ഒട്ടനേകം പ്രവർത്തനങ്ങൾ നടന്നുവരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരംഭിച്ച ക്ലീൻ പള്ളിക്കലാർ ചാലഞ്ച് ഏറ്റെടുത്ത് നൂറുകണക്കിനാളുകൾ മുന്നോട്ട് വന്നു. പള്ളിക്കലാറിനെ മാലിന്യമുക്തമാക്കുവാനായി ആരംഭിച്ച ഈ പരിപാടി കഴിഞ്ഞ മൂന്നു വർഷമായി എല്ലാ ഞായറാഴ്ചകളിലും നടന്നു വരുന്നു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന നമുക്ക് വേണ്ടിക്യാമ്പയിന്റെ ഭാഗമായുള്ള കണ്ടൽ വനവൽക്കരണ പരിപാടി, കാവ് സംരക്ഷണ പ്രവർത്തനങ്ങൾ, വീട്ടിലൊരു ഫലവൃക്ഷം പദ്ധതി,ഹരിത വിദ്യാലയം പദ്ധതി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തിത്വമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ ജി.മഞ്ജുകുട്ടൻ. 25000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !